
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ വെല്ലുവിളിക്കുകയും ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിയെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോതമംഗലം, ഊന്നുകല്‍ പോലീസ് സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി.
കോതമംഗലം ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. പ്രശാന്ത് കുമാറിനെ സമൂഹമാധ്യമത്തിലൂടെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ ഊന്നുകല്‍ ഇന്‍സ്‌പെക്ടര്‍ ബി.എസ്. ആദര്‍ശിന് ഇന്‍സ്റ്റഗ്രാമിലൂടെ അര്‍ജുന്‍ ആയങ്കി വെല്ലുവിളിച്ചിരുന്നു.
ഈ കേസില്‍ ചോദ്യം ചെയ്ത് തെളിവെടുക്കുന്നതിനാണ് കസ്റ്റഡിയില്‍വിട്ടത്. ആഭ്യന്തര മന്ത്രിയെ ഉള്‍പ്പെടെ വെല്ലുവിളിച്ചതിന് പിന്നാലെ കണ്ണൂരില്‍ നിന്നാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാത്രി ഏഴോടെ കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു.
കുട്ടമ്പുഴ ഇന്‍സ്‌പെക്ടര്‍ എ. ഷൈന്‍ കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. പുന്നേക്കാട് റിസോര്‍ട്ടില്‍ നിന്ന് ക്രിമിനല്‍ ഗൂഢാലോചന കേസില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിക്ക് കോതമംഗലം മജിസ്‌ട്രേറ്റ് കോടതി നേരത്തെ അനുവദിച്ച ജാമ്യം റദ്ദാക്കിയിരുന്നു. കോതമംഗലം ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയതിലൂടെ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.