
തിരുവനന്തപുരം: ലയണല്‍ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ജിഎസ്ടി തട്ടിപ്പില്‍മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി.ഉദ്യോഗസ്ഥര്‍ക്ക്ജി.എസ്.ടി. കമ്മീഷണര്‍ ചാര്‍ജ് മെമ്മോ നല്‍കി. നികുതി പിരിക്കുന്നതില്‍ ജി.എസ്.ടി. ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കണ്ടെത്തിയതിനെ തുടര്‍ന്നാണ് നപടി.
വടക്കന്‍ മേഖലാ ജോയിന്റ് കമ്മീഷണര്‍ ശ്രീവത്സ, കാസര്‍കോട് ഡെപ്യൂട്ടി കമ്മീഷണര്‍ വി. സജിത്ത്, ഇന്റലിജന്‍സ് ഓഫീസര്‍ സജിനി എന്നിവര്‍ക്കാണ് ചാര്‍ജ് മെമ്മോ നല്‍കിയിരിക്കുന്നത്. സ്പോണ്‍സര്‍ക്ക് മെമ്മോ നല്‍കുന്നതില്‍ കാലതാമസമുണ്ടായതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ജി.എസ്.ടി. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരം ലഭിച്ചിട്ടും സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയില്‍നിന്ന് ജി.എസ്.ടി. തുകയായ 22.68 കോടി രൂപ പിരിച്ചെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് എസ്.ഐ.ടിയുടെ പ്രാഥമിക കണ്ടെത്തല്‍.
തിങ്കളാഴ്ചരാവിലെ കോഴിക്കോട്ടെജി.എസ്.ടി. ഓഫീസിലേക്ക്, കാഞ്ഞങ്ങാട്ടെ ഇന്റലിജന്‍സ് ഓഫീസറെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജി.എസ്.ടി. കമ്മീഷണര്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ചാര്‍ജ് മെമ്മോ നല്‍കിയത്.
പ്രത്യേകാന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറിയേക്കും. ഇതിന് പിന്നാലെ കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.