Image

അഭിഭാഷകര്‍ക്ക് നേരെ വധശ്രമം; ജില്ലാ കോടതി ബഹിഷ്‌കരിക്കും

Published on 17 August, 2026
 അഭിഭാഷകര്‍ക്ക് നേരെ വധശ്രമം; ജില്ലാ കോടതി ബഹിഷ്‌കരിക്കും

 

കൊച്ചി: അഭിഭാഷക കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോടതിയും കീഴ്‌ക്കോടതികളും അഭിഭാഷകര്‍ ബഹിഷ്‌കരിക്കും. വക്കാലത്ത് എടുത്ത അഭിഭാഷകരുടെ കുടുംബത്തെ ആക്രമിച്ച സംഭവത്തിലാണ് അസോസിയേഷന്റെ പ്രതിഷേധം.

പ്രതികള്‍ക്കുവേണ്ടി ആരും വക്കാലത്ത് എടുക്കരുതെന്നും അഭിഭാഷക അസോസിയേഷന്‍ ആവശ്യപ്പെട്ടു. എറണാകുളം മുരുക്കുംപാടത്തെ അഭിഭാഷക ദമ്പതികളായ ടി.എം.ഡോള്‍ഗോയുടെയും നീമയുടെയും വീട്ടിലാണ് കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്. ഇരുവരും അടുത്തിടെ ഒരു ഗാര്‍ഹിക പീഡനക്കേസ് ഏറ്റെടുത്തിരുന്നു.

ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പ്രദേശവാസികളായ മുരുക്കുംപാടം കോമത്ത് വീട്ടില്‍ ഡാസ്റ്റര്‍(വേലു), ഡൈനാസ്റ്റര്‍ (വാവക്കുട്ടി) എന്നിവരാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ അറസ്റ്റിലായെന്നും പോലീസ് പറഞ്ഞു. അക്രമിസംഘം വീട്ടിലെത്തുമ്പോള്‍ അഭിഭാഷകന്റെ 80 വയസുള്ള പിതാവ് മോഹന്‍ദാസ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

അക്രമികള്‍ മോഹന്‍ദാസിനെയും പ്രതികള്‍ ആക്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. ഡാസ്റ്ററിന്റെ ഭാര്യ നല്‍കിയ സ്വകാര്യ അന്യായം അഭിഭാഷകര്‍ ഏറ്റെടുത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. അഭിഭാഷകര്‍ക്കെതിരായ ആക്രമണങ്ങളില്‍ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് കോടതി ബഹിഷ്‌കരണത്തിലേക്ക് അഭിഭാഷകര്‍ നീങ്ങുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക