
തിരുവനന്തപുരം: കാലടിസംസ്‌കൃതസര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി ശവമഞ്ചം ഒരുക്കിയ നടപടി പ്രാകൃതമാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച തെറ്റുകാര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും ഒരു കാരണവശാലും ഇത്തരം പ്രവണതകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ശവമഞ്ചം ചുമന്നുകൊണ്ട് പോയി അവരെ അപമാനിക്കാനും ആക്ഷേപിക്കാനും നടത്തുന്ന ഇത്തരം സമരമുറകളെ ഒരിക്കലും അനുകൂലിക്കാന്‍ കഴിയില്ല. ഇതൊന്നും ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജീവിച്ചിരിക്കുന്ന വൈസ് ചാന്‍സലറുടെ പേരില്‍ ശവമഞ്ചമൊരുക്കുന്നത് ഏത് തരരത്തിലുള്ള പ്രാകൃതമായ സമര ആഭാസമാണെന്ന് ചോദിച്ച അദ്ദേഹം, കുറ്റക്കാര്‍ക്കെതിരെ ഒരു സംശയവുമില്ലാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
വ്യാഴാഴ്ച സംസ്‌കൃത സര്‍വകലാശാലാ കാമ്പസില്‍ നടന്ന എസ്എഫ്ഐ സമരത്തിനിടെയാണ് വിവാദമായ സംഭവമുണ്ടായത്. സര്‍വകലാശാലാ ഗേറ്റിന് താഴെയാണ് വി.സിയുടെ പ്രതീകാത്മക സംസ്‌കാരച്ചടങ്ങുകള്‍നടത്തിയത്. അതേസമയം തങ്ങള്‍ നടത്തിയത് വി.സിയുടെ പ്രതീകാത്മക സംസ്‌കാരച്ചടങ്ങല്ലെന്ന് എസ്.എഫ്.ഐ നേരത്തേ വ്യക്തമാക്കിയിരുന്നു.