
തിരുവനന്തപുരം: കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഇടപെടുന്നു. നൂറോളം പരാതികളുയര്‍ന്നതിനാല്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് ചെയ്യാനാണ് നീക്കം. പി.എസ്.സി. ഭരണഘടനാസ്ഥാപനമായതിനാല്‍ നടപടിയെടുക്കാന്‍ രാഷ്ട്രപതിക്കേ അധികാരമുള്ളൂ. രാഷ്ട്രപതി സുപ്രീംകോടതിയുടെ അന്വേഷണത്തിന് റഫര്‍ ചെയ്താല്‍ പി.എസ്.സി. ചെയര്‍മാനെയും അംഗങ്ങളെയും സസ്പെന്‍ഡ് ചെയ്യാന്‍ ഗവര്‍ണര്‍ക്ക് കഴിയും. സുപ്രീംകോടതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിക്ക് പി.എസ്.സി.യെ പിരിച്ചുവിടാം. ഇതിനുള്ള നിയമസാധ്യതയാണ് ഗവര്‍ണര്‍ തേടുന്നതെന്നാണ് വിവരം.
ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടിയിലും ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണത്തിലും ഗവര്‍ണര്‍ തൃപ്തനല്ല. പി.എസ്.സി.ക്കെതിരേ കടുത്ത നടപടി ആലോചിക്കാന്‍ അദ്ദേഹം നിയമോപദേശം തേടിയതായി ലോക്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു. രണ്ടുമാസമായി വിവാദംപുകയുന്ന പരീക്ഷാക്രമക്കേടില്‍ ഇതുവരെ ഒരു വഴിത്തിരിവുണ്ടായിട്ടില്ലെന്നാണ് ലോക്ഭവന്റെ വിലയിരുത്തല്‍.
പരീക്ഷാക്രമക്കേടില്‍ നൂറോളം പരാതികള്‍ വന്നെങ്കിലും ആസൂത്രണബോര്‍ഡ് പരീക്ഷാത്തട്ടിപ്പില്‍ മാത്രമേ നിലവില്‍ കേസെടുത്തിട്ടുള്ളൂ.മറ്റുപരാതികള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. ചരിത്രത്തിലാദ്യമായി പോലീസ് പി.എസ്.സി.യിലെ പരീക്ഷാവിഭാഗത്തിലെത്തി രേഖകളും പരിശോധിച്ചിരുന്നു.
രാജ്യത്ത് പലേടത്തും പി.എസ്.സി.യിലെ ക്രമക്കേടുകളെച്ചൊല്ലി യുവാക്കള്‍ പ്രക്ഷോഭത്തിലാണ്. സമരങ്ങളെ ഇടതുപക്ഷം പിന്തുണയ്ക്കുന്നുമുണ്ട്. കേരളത്തില്‍ നിലവിലെ പി.എസ്.സി. എല്‍.ഡി.എഫ്. ഭരണകാലത്ത് നിയമിക്കപ്പെട്ടതാണ്.