
ന്യൂഡൽഹി: യു.ജി.സി- നെറ്റ് പരീക്ഷാ നടത്തിപ്പിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെ പരീക്ഷ വീണ്ടും നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളുടെ പരീക്ഷകൾ വീണ്ടും നടത്തും. ഈ മൂന്ന് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലും ഗുരുതര പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ വീണ്ടും നടത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.
ജൂൺ 22 മുതൽ 30 വരെ രാജ്യത്തുടനീളം 87 വിഷയങ്ങളിലായാണ് യു.ജി.സി- നെറ്റ് ജൂൺ 2026 പരീക്ഷ നടത്തിയത്. ഇതിലെ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി പേപ്പറുകളിൽ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ടെസ്റ്റിങ് ഏജൻസി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പരിശോധന നടത്തിയിരുന്നു.
ഈ പരിശോധനയിൽ ചോദ്യങ്ങളിൽ വസ്തുതാപരവും അച്ചടിപരവും വിവർത്തനപരവുമായ പിശകുകൾ, പ്രമുഖ വ്യക്തികളുടെ പേരുകളിലെ തെറ്റുകൾ, പുസ്തകങ്ങളുടെ പേരുകളിലെ പിശകുകൾ, ചോദ്യങ്ങളുടെ ഘടനയിലെ പിഴവുകൾ, വ്യാകരണ-വിരാമചിഹ്ന പിശകുകൾ തുടങ്ങിയവ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ വീണ്ടും നടത്താൻ എൻ.ടി.എ തീരുമാനിച്ചത്.