Image

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കുഴഞ്ഞു വീണ പൊലീസുകാരന്‍ മരിച്ചു; 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

Published on 16 August, 2026
സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കുഴഞ്ഞു വീണ പൊലീസുകാരന്‍ മരിച്ചു; 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: സ്വാതന്ത്ര്യദിനാഘോഷ പരേഡിനിടയിൽ കുഴഞ്ഞുവീണ് മരിച്ച കോണ്‍സ്റ്റബിളിൻ്റെ കുടുംബത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കോൺസ്റ്റബിൾ ധർമ്മരാജിൻ്റെ (56) കുടുംബത്തിനാണ് ധനസഹായം പ്രഖ്യാപിച്ചത്. ചെന്നൈ രാജീവ് ഗാന്ധി ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്.

ചെന്നൈ ഫോർട്ട് സെൻ്റ് ജോർജില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെയാണ് സംഭവം. ബാൻഡ്മേളം വായിക്കുന്നതിനിടെ കോൺസ്റ്റബിൾ ധര്‍മ്മരാജിന് നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ചെന്നൈ രാജീവ് ഗാന്ധി ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എൺപതാം സ്വാതന്ത്ര്യദിനത്തില്‍ മുഖ്യമന്ത്രി സി. ജോസഫ് വിജയ് തമിഴ്‌നാട്ടിൽ ത്രിവർണ പതാക ഉയർത്തി. ഇതിന് പിന്നാലെ ബാന്‍ഡ് മേളത്തോടെ മുഖ്യമന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ നൽകി. ഈ ചടങ്ങിനിടെയാണ് ധര്‍മ്മരാജ് കുഴഞ്ഞ് വീണത്. സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നൽകുകയും അടുത്തുള്ള ആശുപ്ത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. ആംബുലൻസിന് ഉള്ളില്‍ വച്ച് അദ്ദേഹത്തിന് സിപിആര്‍ നല്‍കിയെങ്കിലും രക്ഷയുണ്ടായിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹം വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. പിന്നാലെ ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചു.

ആവഡിയിലെ പുതിയ കോൺസ്റ്റബിൾ ക്വാർട്ടേഴ്‌സിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം, ധർമ്മരാജിന്‍റെ മൃതദേഹം ആവഡിയിലെ തമിഴ്‌നാട് സ്‌പെഷ്യൽ പൊലീസ് സേനയുടെ രണ്ടാം ബറ്റാലിയനിലേക്ക് കൊണ്ടുപോയി. മുതിർന്ന ഉദ്യോഗസ്ഥരും സഹ പൊലീസുകാരും മൃതദേഹത്തില്‍ അന്ത്യാഞ്ജലി അർപ്പിച്ചു. പിന്നീട് മൃതദേഹം തൂത്തുക്കുടി ജില്ലയിലെ അദ്ദേഹത്തിൻ്റെ ജന്മനാട്ടിലേക്ക് കൊണ്ടുപോയി.

കോൺസ്റ്റബിൾ ധർമ്മരാജിൻ്റെ മരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് അനുശോചനം രേഖപ്പെടുത്തി. തമിഴ്‌നാട് പൊലീസിനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും നികത്താനാവാത്ത നഷ്‌ടമാണ്. ഈ സാഹചര്യത്തിൽ, ധർമ്മരാജിൻ്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബത്തിനും ബന്ധുക്കൾക്കും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നവർക്കും എൻ്റെ അഗാധമായ അനുശോചനവും ആശ്വാസവും അറിയിക്കുന്നു. കൂടാതെ അദ്ദേഹത്തിൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ നല്‍കാനും ഉത്തരവിടുന്നുവെന്ന് അദ്ദേഹം പ്രസ്‌താവനയിലൂടെ അറിയിച്ചു.

"ഇന്നലെ ഫോർട്ട് സെൻ്റ് ജോർജിൽ സ്വാതന്ത്ര്യദിന പരേഡിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ് രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ശേഷം മരിച്ചുവെന്ന ദാരുണമായ വാർത്ത കേട്ടതിൽ എനിക്ക് അതിയായ ദുഃഖവും വേദനയും തോന്നുന്നു" പ്രസ്‌താവനയിലൂടെ അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക