
കോട്ടയം: ബിജെപിയില്‍ വെറുതെ ചേര്‍ന്നതല്ലെന്നും പാര്‍ട്ടി മാറുന്ന വിഷയം ഉദിക്കുന്നില്ലെന്നും ബിജെപി നേതാവ് പി സി ജോര്‍ജ്. തന്റെ ജീവന്‍ രക്ഷിക്കാന്‍ വന്നത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ്. തന്നെ രക്ഷിച്ചതിനുള്ള സ്‌നേഹം കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഒറ്റ തന്തയേ ഉള്ളൂ. അത് ബഹുമാനപ്പെട്ട നരേന്ദ്രമോദി തന്നെയാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടി മാറുന്ന പ്രശ്‌നമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
പിന്നെ ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത് വെറുതെ ചേര്‍ന്നതല്ല. എന്റെ ജീവന്‍ രക്ഷിക്കാന്‍ വന്നത് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരാണ്. തീവ്രവാദികള്‍ എന്നെ കൊല്ലാന്‍ വേണ്ടി വന്നപ്പോള്‍, രണ്ടുപ്രാവശ്യം ഈ ആര്‍എസ്എസിന്റേയും ബിജെപിയുടേയും പ്രവര്‍ത്തകരാണ് എന്നെ രക്ഷിച്ചത്. എന്നെ രക്ഷിച്ചതിനുള്ള സ്‌നേഹം കൊണ്ടാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇനി പാര്‍ട്ടി മാറുന്ന പ്രശ്‌നം ഉദിക്കുന്നില്ല. ചിന്തിക്കയേ വേണ്ട ആരും. എനിക്ക് ഒരു തന്തയേയുള്ളൂ അത് ബഹുമാനപ്പെട്ട നരേന്ദ്ര മോദിജി തന്നെയാണ്. അതാണ് സത്യം'- പി സി ജോര്‍ജ് പറഞ്ഞു.
ബിജെപിയെ വെട്ടിലാക്കിയ ഫണ്ട് വെട്ടിപ്പില്‍ പി സി ജോര്‍ജ് മലക്കം മറിഞ്ഞു. ഒരാള്‍ക്കെങ്കിലും താന്‍ നയാപൈസ കൊടുത്തതായി തെളിഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പിസി ജോര്‍ജ് പറഞ്ഞു. 'ഒരാള്‍ക്കെങ്കിലും ഒരു നയാപൈസ ഞാന്‍ കൊടുത്തതായി, ഞാന്‍ പറഞ്ഞിട്ട് കൊടുത്തതായി തെളിയിക്കാമെങ്കില്‍... ഞാന്‍ ആത്മഹത്യ ചെയ്യും. ഞാന്‍ ചെയ്തിട്ടില്ല. കാരണം അതിനൊന്നും സമയമില്ല. നമ്മള്‍ ഓടിനടന്ന് വോട്ട് പിടിക്കുകയായിരുന്നു. കിട്ടിയ വോട്ടെല്ലാം വെറുതെ കിട്ടുമോ അത് പല കാര്യങ്ങളുമുണ്ട്.'- പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിക്കുള്ളിലെ ചില കുശുമ്പന്മാരാണ് ഈ വൃത്തികെട്ട പ്രചരണമുണ്ടാക്കിയതെന്നും തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും എരുമേലിയിലെ പ്രസംഗത്തിന് ശേഷം ബിജെപി തനിക്ക് ഔദ്യോഗികമായി കണക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. നാലരക്കോടി എന്നത് തെറ്റായ കണക്കാണെന്നും ഒരു കാരണവശാലും ആ രീതിയില്‍ പ്രചരണം നടത്തുന്നത് ശരിയല്ലെന്നും പച്ചക്കള്ളമാണെന്നും ജോര്‍ജ് പറഞ്ഞു. സജി കുരിക്കാട് സത്യസന്ധനായ അധ്യാപകനാണെന്നും ആരോടും ഒരു പണം പോലും വാങ്ങാത്ത അയാൾ അത്തരം അഴിമതികൾ ചെയ്യില്ലെന്നും വിശദീകരിച്ചു.