Image

സ്വാതന്ത്ര്യദിനാഘോഷം: ഗവർണറുടെ 'അറ്റ് ഹോം' സത്കാരത്തിൽ നിന്ന് പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും ഒഴിവാക്കി

Published on 16 August, 2026
സ്വാതന്ത്ര്യദിനാഘോഷം: ഗവർണറുടെ 'അറ്റ് ഹോം' സത്കാരത്തിൽ നിന്ന് പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും ഒഴിവാക്കി

തിരുവനന്തപുരം: രാജ്യത്തിൻ്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലോക്ഭവനിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സംഘടിപ്പിച്ച 'അറ്റ് ഹോം' ചായസത്കാരത്തിൽനിന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) ചെയർമാനെയും അംഗങ്ങളെയും ഒഴിവാക്കി.

പിഎസ്‌സി നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും പരാതികളുടെയും പശ്ചാത്തലത്തിലാണ് ഈ നടപടി. ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്വാതന്ത്ര്യദിന സത്കാരത്തിൽനിന്ന് പിഎസ്‌സി ചെയർമാനെ ഔദ്യോഗികമായി ഒഴിവാക്കുന്നത്. ചെയർമാനെ ഒഴിവാക്കിയതിന് പിന്നാലെ കമ്മീഷനിലെ മറ്റ് 15 അംഗങ്ങളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം.

സംസ്ഥാനത്തെ ഭരണഘടനാ സ്ഥാപനങ്ങളിൽ ഒന്നായ പിഎസ്‌സിയുടെ ചെയർമാനെ നിയമിക്കാനുള്ള അധികാരി ഗവർണറാണ്. എന്നാൽ, കേരള പിഎസ്‌സിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവിധ നിയമനത്തട്ടിപ്പുകളും ക്രമക്കേടുകളും വലിയ ചർച്ചയാകുകയും ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലോക്ഭവന് ലഭിക്കുകയും ചെയ്‌തിരുന്നു. ഈ പരാതികളിൽ ഗവർണർക്കുള്ള ശക്തമായ അതൃപ്‌തിയാണ് പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ ചടങ്ങിൽനിന്ന് ഒഴിവാക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന.

​പൊതുവെ ലോക്ഭവനില്‍ നടക്കുന്ന ഇത്തരം പ്രമുഖ ദേശീയ ദിനാഘോഷങ്ങളിലെ 'അറ്റ് ഹോം' സത്കാരങ്ങളിൽ സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളുടെ മേധാവികളും, പ്രത്യേകിച്ച് ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരും ഗവർണറൊപ്പം പങ്കെടുക്കാറാണ് പതിവ്. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, സായുധ സേനാ മേധാവികൾ, സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ ഒത്തുകൂടുന്ന ചടങ്ങിൽനിന്ന് ഒരു പ്രധാന ഭരണഘടനാ സ്ഥാപനത്തിൻ്റെ തലവനെ ഒഴിവാക്കിയത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക