Image

ലെബനനിൽ ഇസ്രയേലി സേന വീടാക്രമിച്ചു മൂന്നു കുട്ടികൾ ഉൾപ്പെടെ 11 പേരെ കൂട്ടക്കൊല ചെയ്തു (പിപിഎം)

Published on 16 August, 2026
ലെബനനിൽ ഇസ്രയേലി സേന വീടാക്രമിച്ചു മൂന്നു കുട്ടികൾ ഉൾപ്പെടെ 11 പേരെ കൂട്ടക്കൊല ചെയ്തു (പിപിഎം)

ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നിലവിലിരിക്കെ തെക്കൻ ലെബനനിൽ ശനിയാഴ്ച്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്നു കുട്ടികളും രണ്ടു സ്ത്രീകളുമുണ്ട്.

അൻസാർ പട്ടണത്തിൽ ഉണ്ടായ ആക്രമണത്തിൽ ഒരു കുടുംബം തുടച്ചു നീക്കപ്പെട്ടുവെന്നു ലെബനീസ് ആരോഗ്യ വകുപ്പ് പറഞ്ഞു. ദേർ അൽ സഹ്‌റാനിയിലാണ് മറ്റൊരു ആക്രമണം നടന്നത്.

അലി അൽ-താഹിർ റിഡ്‌ജിൽ ഇസ്രയേലി സേനയ്ക്കു നേരെ ആക്രമണം ഉണ്ടായതാണ് പ്രകോപനമെന്നു ടെൽ അവീവ് പറയുന്നു. കൊല്ലപ്പെട്ട സ്ത്രീകളും കുട്ടികളും ഹിസ്‌ബൊള്ള കമാൻഡറുടെ കുടുംബാംഗങ്ങളാണ് എന്നാണ് അവരുടെ വാദം.

ഹിസ്‌ബൊള്ളയെ ലക്ഷ്യമാക്കിയാണ് അവരുടെ ആസ്ഥാന കെട്ടിടത്തിൽ ആക്രമണം നടത്തിയതെന്നും അവർ സിവിലിയന്മാരെ അവിടെ പാർപ്പിച്ച വിവരം പിന്നീടാണ് അറിഞ്ഞതെന്നും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസിൽ നിന്നുള്ള അറിയിപ്പിൽ പറഞ്ഞു.

ലെബനനിൽ ആക്രമണം നടത്തുമ്പോഴൊക്കെ സിവിലിയൻമാർ കൊല്ലപ്പെടുന്നത് ഇസ്രയേൽ വലിയ വിഷയമാക്കിയിട്ടില്ല. സിവിലിയൻ കെട്ടിടങ്ങളിൽ നിന്നു ഭീകരർ ആക്രമിക്കുന്നു എന്ന ഇസ്രയേലിന്റെ വാദം തെളിഞ്ഞിട്ടുമില്ല.

ഹിസ്‌ബൊള്ളയുടെ ബാദർ യൂണിറ്റിലെ കമാൻഡർ അബു ഹസൻ അലായെ വധിച്ചെന്നു ഇസ്രയേൽ അവകാശപ്പെട്ടു. ഹിസ്‌ബൊള്ള കമാൻഡർ  അലി സമീർ അൽ ഹജ് ഹസനെയും.

ഇസ്രയേൽ ഏതു സുരക്ഷാ ഭീഷണിക്കുമെതിരെ ശക്തമായി തിരിച്ചടിക്കുമെന്നു പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. "ഒരു കണക്കും തീർക്കാതെ വിടില്ല."

അടുത്ത വട്ടം സമാധാന ചർച്ചയ്ക്കു മുന്നോടിയായി ഇസ്രയേൽ വിരട്ടി നോക്കുകയാണെന്നു ലെബനീസ് പ്രസിഡന്റ് ജോസഫ് ആവോൺ പറഞ്ഞു.

ഇത്രയധികം സിവിലിയന്മാരെ ഇസ്രയേൽ കൊലപ്പെടുത്തിയതിനെ അറബ് ലീഗ് നിശിതമായി വിമർശിച്ചു. ഈ സമീപനം സമാധാന ശ്രമങ്ങൾക്കു തിരിച്ചടിയാവും എന്നവർ താക്കീതു നൽകി.

അധിനിവേശ സേന ലെബനന്റെ പരമാധികാരത്തിനു നേരെയാണ് കടന്നാക്രമണം നടത്തിയതെന്നു അറബ് ലീഗ് ചൂണ്ടിക്കാട്ടി.

സയണിസ്റ്റുകൾ നടത്തിയ പ്രാകൃതമായ ആക്രമണത്തെ അപലപിക്കുന്നുവെന്നു ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബാഗെയ് പറഞ്ഞു.

Israel carries out civilian massacre in Lebanon 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക