
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂഡൽഹിയിലെ കോൺഗ്രസ് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരത്തെ അപമാനിച്ചെന്നാണ് അമിത് ഷായുടെ ആരോപണം. ഇത്തരം “പാപം” രാജ്യത്തെ ജനങ്ങൾ ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ ചിത്തോർഗഢിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. വന്ദേമാതരത്തിന് കോൺഗ്രസ് അർഹമായ ആദരം നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
“വന്ദേമാതരം വിളിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകൾ തൂക്കുകയറിലേക്ക് നടന്നു, വെടിയുണ്ടകളും ലാത്തിച്ചാർജും നേരിട്ടു, വർഷങ്ങളോളം ജയിലിൽ കിടന്നു. എന്നാൽ വോട്ട് ബാങ്കിന്റെ താൽപര്യത്തിൽ കോൺഗ്രസ് വന്ദേമാതരം മറന്നു,” അമിത് ഷാ പറഞ്ഞു.
കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുന്നതിനിടെ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷനോട് ഗാനം നിർത്താൻ ആവശ്യപ്പെട്ടെന്നാണ് ഷായുടെ ആരോപണം. 80 വർഷത്തിന് ശേഷം ബാങ്കിംചന്ദ്ര ചട്ടോപാധ്യായുടെ ഗാനം വീണ്ടും ആദരിക്കപ്പെടുന്നത് സോണിയ ഗാന്ധിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
140 കോടി ജനങ്ങൾ സോണിയ ഗാന്ധിയെ കാണുന്നുണ്ടെന്നും ഈ “പാപം” അവർ ഒരിക്കലും പൊറുക്കില്ലെന്നും ഷാ പറഞ്ഞു. വന്ദേമാതരം പാതിവഴിയിൽ അവസാനിപ്പിക്കണമെന്ന് സ്വപ്നത്തിൽപ്പോലും ആരും ചിന്തിക്കരുതെന്നും കോൺഗ്രസ് പ്രവർത്തകർക്ക് ലജ്ജ തോന്നണമെന്നും ഷാ കൂട്ടിച്ചേർത്തു.
വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കുന്നതിനെ സോണിയ ഗാന്ധി എതിർത്തുവെന്ന ആരോപണം ബിജെപി ശനിയാഴ്ച ഉന്നയിച്ചിരുന്നു. എന്നാൽ കോൺഗ്രസ് ആരോപണം നിഷേധിച്ചു. കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള ജയറാം രമേശ്, വന്ദേമാതരത്തിന്റെ പൂർണരൂപം തന്നെ സ്വാതന്ത്ര്യദിന ചടങ്ങിൽ ആലപിച്ചിരുന്നുവെന്ന് വ്യക്തമാക്കി.