Image

സർക്കാർ ചടങ്ങിൽ വന്ദേമാതരം ഒഴിവാക്കി: മതേതര നിലപാടിൽ ഉറച്ചുനിന്ന് സതീശൻ; ദേശീയതലത്തിൽ വിവാദമാക്കാൻ ബിജെപി

Published on 16 August, 2026
സർക്കാർ ചടങ്ങിൽ വന്ദേമാതരം ഒഴിവാക്കി: മതേതര നിലപാടിൽ ഉറച്ചുനിന്ന് സതീശൻ; ദേശീയതലത്തിൽ വിവാദമാക്കാൻ ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽനിന്ന് വന്ദേമാതരം ഒഴിവാക്കാനുള്ള തീരുമാനം മുഖ്യമന്ത്രി വി.ഡി. സതീശന് രാഷ്ട്രീയമായി വലിയ തുണയാകുന്നു. കോൺഗ്രസ് ദേശീയ നേതൃത്വവും പാർട്ടി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും വന്ദേമാതരം ആലപിച്ചപ്പോൾ, കേരളത്തിൽ അത് പൂർണമായും ഒഴിവാക്കാനാണ് സർക്കാർ തീരുമാനിച്ചത്. യുഡിഎഫ് സർക്കാർ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന എൽഡിഎഫിന്റെ നിരന്തര പ്രചാരണങ്ങൾക്ക് തടയിടാനും സ്വന്തം മതേതര പ്രതിച്ഛായ കൂടുതൽ ശക്തമാക്കാനും ഈ നീക്കത്തിലൂടെ സതീശന് കഴിഞ്ഞുവെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

​എഐസിസി ആസ്ഥാനത്ത് രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും സാന്നിധ്യത്തിലും കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം ആലപിച്ചിരുന്നു. എന്നാൽ, കേന്ദ്ര നിർദേശത്തെ തുടർന്ന് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഔദ്യോഗിക പരിപാടിയിൽനിന്ന് ഗാനം പൂർണമായി ഒഴിവാക്കുകയാണുണ്ടായത്. നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതര ആലാപനവും പിഎംശ്രീ പദ്ധതിയിലെ അനുകൂല നിലപാടും ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിന് ഈ തീരുമാനം തിരിച്ചടിയായി.

​അതേസമയം, കോൺഗ്രസ് സർക്കാരുകൾക്കിടയിലെ വ്യത്യസ്ത നിലപാടുകൾ പാർട്ടിയിലെ ആശയപരമായ അന്തരമാണ് വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ സതീശന് ഈ നീക്കം താല്ക്കാലിക രാഷ്ട്രീയ മൈലേജ് നൽകുമെങ്കിലും, മുസ്ലിം ലീഗിന്റെ സമ്മർദത്തിന് വഴങ്ങിയാണ് സർക്കാർ തീരുമാനമെന്ന തരത്തിൽ ബിജെപിയും സംഘപരിവാറും ദേശീയതലത്തിൽ രാഷ്ട്രീയ പ്രചാരണത്തിന് ഇത് ആയുധമാക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക