Image

റോഡിലെ 'വന്ദേഭാരത്': കഫറ്റീരിയയും ടോയ്‌ലറ്റുമായി കെഎസ്ആർടിസി എക്സിക്യൂട്ടീവ് ക്ലാസ് നിരത്തിലേക്ക്; കെ.സി. വേണുഗോപാൽ ഫ്ലാഗ് ഓഫ് ചെയ്യും

Published on 16 August, 2026
റോഡിലെ 'വന്ദേഭാരത്': കഫറ്റീരിയയും ടോയ്‌ലറ്റുമായി കെഎസ്ആർടിസി എക്സിക്യൂട്ടീവ് ക്ലാസ് നിരത്തിലേക്ക്; കെ.സി. വേണുഗോപാൽ ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകൾക്ക് സമാനമായ അത്യാധുനിക സൗകര്യങ്ങളോടെ കെഎസ്ആർടിസി ഒരുക്കുന്ന പുത്തൻ ആഡംബര സർവീസ് ഇന്നുമുതൽ ആരംഭിക്കുന്നു. ആലപ്പുഴയിൽനിന്ന് ബംഗളൂരുവിലേക്കുള്ള വോൾവോ എക്സിക്യൂട്ടീവ് സെമി സ്ലീപ്പർ ബസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് കെ.സി. വേണുഗോപാൽ എംപി നിർവഹിക്കും. 'എക്സിക്യൂട്ടീവ് ക്ലാസ്' എന്ന പേരിൽ നിരത്തിലിറങ്ങുന്ന ഈ ബസുകളിൽ യാത്രക്കാർക്കായി സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്പെൻഷൻ, ശുചിമുറി, ഭക്ഷണ സൗകര്യങ്ങളോടെയുള്ള കഫറ്റീരിയ, പാൻട്രി എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

​തുടക്കത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ് നടത്തുക. ആലപ്പുഴയിൽനിന്ന് വൈകീട്ട് 5.30ന് പുറപ്പെടുന്ന ബസ് വൈറ്റില, മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എൽ ആന്റ് ടി ബൈപ്പാസ്, സേലം വഴി പിറ്റേദിവസം രാവിലെ 5.55ന് ബംഗളൂരുവിൽ എത്തും. മടക്ക സർവീസ് ബംഗളൂരുവിൽനിന്ന് രാത്രി എട്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ എട്ടിന് ആലപ്പുഴയിൽ തിരിച്ചെത്തുന്ന വിധത്തിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

​ഓരോ നിരയിലും രണ്ട് സീറ്റുകൾ വീതം ക്രമീകരിച്ചിട്ടുള്ള ബസിൽ സീറ്റുകൾക്ക് പിന്നിലായി പ്രത്യേക സ്ക്രീനുകൾ, മൊബൈൽ ചാർജിങ് പോയിന്റുകൾ, ബോട്ടിൽ ഹോൾഡർ, ലഗേജ് റാക്ക് തുടങ്ങിയ ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സർവീസിലേക്കുള്ള ടിക്കറ്റുകൾ www.onlineksrtcswift.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ 9447071021 എന്ന വാട്‌സ്ആപ്പ് നമ്പർ വഴിയോ റിസർവ് ചെയ്യാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക