Image

'കാശിയിലേക്ക് പോകുന്നു'; മൊബൈൽ ഫോൺ വാങ്ങിവെച്ചതിൽ പിണങ്ങിപ്പോയ വിദ്യാർഥിയെ ഒമ്പത് ദിവസമായിട്ടും കണ്ടെത്തിയില്ല, അന്വേഷണത്തിന് എസ്‌ഐടി

Published on 16 August, 2026
'കാശിയിലേക്ക് പോകുന്നു'; മൊബൈൽ ഫോൺ വാങ്ങിവെച്ചതിൽ പിണങ്ങിപ്പോയ വിദ്യാർഥിയെ ഒമ്പത് ദിവസമായിട്ടും കണ്ടെത്തിയില്ല, അന്വേഷണത്തിന് എസ്‌ഐടി

കണ്ണൂർ: ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട് പണം നഷ്ടപ്പെടുത്തിയതിന് പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിൽ മനംനൊന്ത് വീടുവിട്ടിറങ്ങിയ പ്ലസ്ടു വിദ്യാർഥിയെ ഒമ്പത് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. കണ്ണൂർ ചൊക്ലി സ്വദേശിയായ ശിവസൂര്യയെയാണ് കാണാതായത്. സംഭവത്തിൽ അന്വേഷണം കാര്യക്ഷമമാക്കുന്നതിനായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്കടക്കം അന്വേഷണം വ്യാപിപ്പിച്ചു. കുട്ടിയെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

​കാശിയിലേക്ക് പോകുകയാണെന്നും ശിഷ്ടകാലം അവിടെക്കഴിഞ്ഞ് ദൈവത്തിൽ ലയിക്കുമെന്നും വ്യക്തമാക്കുന്ന വിദ്യാർഥിയുടെ കുറിപ്പ് വീട്ടിൽനിന്ന് കണ്ടെടുത്തിരുന്നു. കയ്യിൽ 3000 രൂപയും രണ്ടു ജോഡി വസ്ത്രങ്ങളുമായാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. തലശ്ശേരി എസ്‌പിയുടെ സ്ക്വാഡും ചൊക്ലി പൊലീസും വിവിധ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഇതുവരെ ഒരു തുമ്പും കണ്ടെത്താനായിട്ടില്ല.

​കുട്ടിയെ കണ്ടെത്തുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായതായി ആരോപണമുയർന്നിട്ടുണ്ട്. തുടർന്ന് കഴിഞ്ഞ ദിവസം സ്നിഫർ ഡോഗുകളെ എത്തിച്ച് വീട്ടിലും പരിസരങ്ങളിലും വിശദമായ പരിശോധന നടത്തിയെങ്കിലും പോയ വഴി കണ്ടെത്താൻ സാധിച്ചില്ല. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് എസ്‌ഐടി കേസ് ഏറ്റെടുത്ത് ഊർജിത തെരച്ചിൽ ആരംഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക