Image

ഫേസ്ബുക്ക് പോസ്റ്റുകൾ അപ്രത്യക്ഷമായത് എഐ തകരാർ മൂലം; വിശദീകരണവുമായി മെറ്റ, ആരോപണങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ

Published on 16 August, 2026
ഫേസ്ബുക്ക് പോസ്റ്റുകൾ അപ്രത്യക്ഷമായത് എഐ തകരാർ മൂലം; വിശദീകരണവുമായി മെറ്റ, ആരോപണങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ

തിരുവനന്തപുരം: എം.ഡി.എം.എ കേസ് പ്രതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച വാർത്താ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടത് സാങ്കേതിക തകരാർ മൂലമാണെന്ന് വ്യക്തമാക്കി മെറ്റ. എഐ സോഫ്റ്റ്‌വെയറിൽ വരുത്തിയ അപ്‌ഡേറ്റാണ് ഉള്ളടക്കങ്ങൾ അപ്രത്യക്ഷമാകാൻ ഇടയാക്കിയതെന്നും ആരുടെയും നിർദേശപ്രകാരമല്ല നടപടിയെന്നും കമ്പനി അറിയിച്ചു. കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമാന രീതിയിൽ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടിരുന്നുവെന്ന് കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗത്തെ മെറ്റ അറിയിച്ചു. നിലവിൽ സാങ്കേതിക പ്രശ്നം പരിഹരിച്ച് നീക്കം ചെയ്ത എല്ലാ പോസ്റ്റുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്.

​പോസ്റ്റുകൾ നീക്കം ചെയ്തതിന് പിന്നിൽ സർക്കാരാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ വിഷയം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് കേരള പൊലീസ് സൈബർ വിഭാഗം മെറ്റയോട് ഔദ്യോഗികമായി വിശദീകരണം തേടിയത്. രാഷ്ട്രീയ വിമർശനങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടാറില്ലെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്ലീല ഉള്ളടക്കങ്ങളോ ഉള്ള സന്ദർഭങ്ങളിൽ മാത്രമാണ് ഇടപെടാറുള്ളതെന്നും പൊലീസ് വ്യക്തമാക്കി. നിലവിലെ പോസ്റ്റുകൾ അത്തരത്തിലുള്ളതായിരുന്നില്ലെന്നും പോസ്റ്റുകൾ നീക്കിയതിൽ തങ്ങൾക്ക് പങ്കില്ലെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

​വാർത്തകൾ നീക്കം ചെയ്യിക്കാൻ തനിക്ക് മെറ്റയിൽ യാതൊരു സ്വാധീനവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചു. സിഎംഒയുടെ ഇൻസ്റ്റഗ്രാം പേജ് ലഭ്യമാക്കണമെന്നതൊഴിച്ചാൽ മറ്റ് ആവശ്യങ്ങൾക്കൊന്നും ഇതുവരെ മെറ്റയെ സമീപിച്ചിട്ടില്ലെന്നും, രണ്ട് മാസം മുൻപ് നൽകിയ ആ ആവശ്യം പോലും കമ്പനി ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനെതിരെയുള്ള പോസ്റ്റുകൾ മാത്രമല്ല, തന്നെ പ്രശംസിച്ചുകൊണ്ടുള്ള ആർച്ച് ബിഷപ്പിന്റെ പ്രസംഗവും കെസിബിസിയുടെ പോസ്റ്റുകളും ഇത്തരത്തിൽ മെറ്റ നീക്കം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക