Image

മെസിയുടെ കേരള സന്ദർശനം: 216 കോടിയുടെ ഇടപാടിൽ ജിഎസ്ടി വെട്ടിച്ചെന്ന് പരാതി; സ്പോൺസർമാരുടെ ഇടപാടുകൾ പരിശോധിക്കാൻ എസ്‌ഐടി

Published on 16 August, 2026
മെസിയുടെ കേരള സന്ദർശനം: 216 കോടിയുടെ ഇടപാടിൽ ജിഎസ്ടി വെട്ടിച്ചെന്ന് പരാതി; സ്പോൺസർമാരുടെ ഇടപാടുകൾ പരിശോധിക്കാൻ എസ്‌ഐടി

തിരുവനന്തപുരം: ലയണൽ മെസിയുടെയും സംഘത്തിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കോടികളുടെ ജിഎസ്ടി വെട്ടിച്ചെന്ന പരാതിയിൽ പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) നിയോഗിച്ചു. കായികവകുപ്പ് സെക്രട്ടറി എൻ. പ്രശാന്ത് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജിഎസ്ടി ഡെപ്യൂട്ടി കമ്മിഷണർ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മുഴുവൻ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും സംഘം പരിശോധിക്കും.

​വിദേശത്തേക്ക് കൈമാറിയ 216 കോടി രൂപയ്ക്ക് 22.68 കോടി രൂപ ജിഎസ്ടി അടയ്ക്കണമെന്ന് കാട്ടി നേരത്തെ കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജൻസ് ഓഫീസ് കേസെടുത്തിരുന്നു. നികുതി വെട്ടിപ്പ് കണ്ടെത്തിയ കാഞ്ഞങ്ങാട്ടെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുന്നതിനായി എസ്‌ഐടി സംഘം നാളെ നേരിട്ടെത്തി പരിശോധന നടത്തും. കമ്പനിക്ക് നോട്ടീസ് നൽകിയിട്ടും തുടർനടപടികൾ വൈകിയതിലും വിശദീകരണം തേടും.

​സംസ്ഥാനത്തിന് വലിയ തോതിൽ നികുതി നഷ്ടമുണ്ടാക്കിയെന്നും പൊതുമുതൽ സ്വകാര്യ കമ്പനിയുടെ ലാഭത്തിനായി വിനിയോഗിച്ചെന്നുമുള്ള റിപ്പോർട്ട് പരിഗണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ മൂലധന ഉറവിടം, രജിസ്ട്രേഷൻ എന്നിവയും സംഘം പരിശോധിക്കും. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ബുധനാഴ്ചയോടെ സർക്കാരിന് സമർപ്പിച്ചേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക