
കൊച്ചി: മലയാള നാടിന് ഓണപ്പൊലിമ പകർന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങിൽ അത്താഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വി.ഡി. സതീശൻ നിർവഹിക്കും. ചലച്ചിത്ര താരം മനോജ് കെ. ജയൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം കലാകാരന്മാരാണ് വർണാഭമായ ഘോഷയാത്രയിൽ അണിനിരക്കുന്നത്.
അവധി ദിനമായതിനാൽ വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളുമാണ് നഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. അഞ്ഞൂറോളം പോലീസുകാരെയും വളണ്ടിയർമാരെയും സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിട്ടുണ്ട്. കാണികൾക്കായി കുടിവെള്ളം, വൈദ്യസഹായം, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് ആംബുലൻസുകളുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.
ഘോഷയാത്ര കാണാനെത്തുന്നവർക്കായി തൃപ്പൂണിത്തുറ സംസ്കൃത കോളജ്, സംസ്കൃത സ്കൂൾ, ഗവ. ഗേൾസ് ഹൈസ്കൂൾ, എൻ.എസ്.എസ്. കോളജ്, കരിങ്ങാച്ചിറ ചർച്ച്, ശ്രീവെങ്കിടേശ്വര സ്കൂൾ എന്നിവിടങ്ങളിലെ ഗ്രൗണ്ടുകളിൽ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ പൂർണത്രയീശ ക്ഷേത്ര പരിസരം, വടക്കേക്കോട്ട, എസ്.എൻ. ജങ്ഷൻ മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പ്രത്യേക ശൗചാലയ സൗകര്യങ്ങളും പൊതുജനങ്ങൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.