
തൃശ്ശൂർ: വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് അതിക്രമിച്ചുകയറി അനധികൃതമായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച ബിജെപിക്കെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് പൊലീസിൽ പരാതി നൽകി. തേക്കിൻകാട് മൈതാനം രാഷ്ട്രീയ പരിപാടികൾക്കായി ഉപയോഗിക്കരുതെന്ന ഹൈക്കോടതിയുടെ കർശന ഉത്തരവ് നിലനിൽക്കെയാണ് ബിജെപി പ്രവർത്തകർ പരിപാടി നടത്തിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ബോർഡിന്റെ അനുമതിയില്ലാതെ മൈതാനത്ത് പ്രവേശിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു.
വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായാണ് തൃശ്ശൂരിൽ ബിജെപി സമാന്തരമായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. മന്ത്രി ഒ.ജെ. ജനീഷ് പങ്കെടുത്ത് ഔദ്യോഗിക ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടക്കുന്ന അതേ സമയത്തുതന്നെയായിരുന്നു തേക്കിൻകാട് മൈതാനത്ത് ബിജെപിയുടെ പ്രതിഷേധ പരിപാടിയും അരങ്ങേറിയത്.
ബിജെപിയുടെ ഈ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ഒ.ജെ. ജനീഷ് രംഗത്തെത്തി. വന്ദേമാതരത്തിന്റെ പേരിൽ ബിജെപി നടത്തിയ പ്രതിഷേധം സ്വാതന്ത്ര്യദിനത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്നതാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സംഭവത്തിൽ ബിജെപി നിലപാടിനെതിരെ സിപിഎമ്മും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.