Image

ഇയർഔട്ട് ഭീതിയിൽ കോതമംഗലം എം.എ കോളജ് വിദ്യാർഥി ജീവനൊടുക്കി; കോളജ് മാനേജ്‌മെന്റിനെതിരെ വ്യാപക പ്രതിഷേധം

Published on 16 August, 2026
ഇയർഔട്ട് ഭീതിയിൽ കോതമംഗലം എം.എ കോളജ് വിദ്യാർഥി ജീവനൊടുക്കി; കോളജ് മാനേജ്‌മെന്റിനെതിരെ വ്യാപക പ്രതിഷേധം

കൊച്ചി: ഉയർന്ന ക്രെഡിറ്റ് സ്കോർ ഇല്ലാത്തതിനാൽ ഇയർഔട്ട് ആകുമെന്ന ഭയത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് (എം.എ) എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥി ജീവനൊടുക്കി. അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മിർപ്പുവിനെയാണ് ശനിയാഴ്ച വൈകുന്നേരം കോളജിന് സമീപത്തെ പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മരണത്തിന് പിന്നാലെ മാനേജ്‌മെന്റിന്റെ കടുത്ത നിബന്ധനകൾക്കെതിരെ വിദ്യാർഥികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

​മറ്റ് എൻജിനീയറിങ് കോളജുകളിലും സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലും ഇയർഔട്ട് ഒഴിവാക്കാനുള്ള കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആയിരിക്കെ, എം.എ കോളജിൽ ഇത് 22 ആയി ഉയർത്തി നിർബന്ധമാക്കിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. സ്കോർ നിബന്ധനയിൽ ഇളവ് വരുത്താൻ മന്ത്രിയടക്കം ഇടപെട്ടിട്ടും മാനേജ്‌മെന്റ് വഴങ്ങിയിരുന്നില്ല. ആവശ്യമായ ക്രെഡിറ്റ് സ്കോർ നേടാനാകാതെ ഇരുപതോളം വിദ്യാർഥികൾ ഇപ്പോഴും ഇയർഔട്ട് ഭീഷണിയിലാണെന്നും, ഭയം മൂലം പലരും നേരത്തെ ടി.സി വാങ്ങി പോയിട്ടുണ്ടെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.

​എന്നാൽ, ഓട്ടോണമസ് പദവിയുള്ള സ്ഥാപനമായതിനാൽ അക്കാദമിക് നിലവാരം നിശ്ചയിക്കാൻ കോളജിന് പൂർണ അധികാരമുണ്ടെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. വ്യവസായ നിലവാരത്തിനൊത്ത് പഠനനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി അക്കാദമിക് കൗൺസിലാണ് ക്രെഡിറ്റ് സ്കോർ 22 ആയി നിശ്ചയിച്ചതെന്നും ഈ തീരുമാനത്തിൽ അപാകതയില്ലെന്നും കോളജ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക