Image

മലപ്പുറത്ത് കോൺഗ്രസ് സ്വീകരണ വേദിയിൽ ഗ്രൂപ്പ് പോര് മറനീക്കി; കെ.സിയെ പുകഴ്ത്തി എംഎൽഎമാർ, സതീശനെ തഴഞ്ഞു

Published on 16 August, 2026
മലപ്പുറത്ത് കോൺഗ്രസ് സ്വീകരണ വേദിയിൽ ഗ്രൂപ്പ് പോര് മറനീക്കി; കെ.സിയെ പുകഴ്ത്തി എംഎൽഎമാർ, സതീശനെ തഴഞ്ഞു

മലപ്പുറം: മലപ്പുറം ഡിസിസി സംഘടിപ്പിച്ച കോൺഗ്രസ് എംഎൽഎമാരുടെ സ്വീകരണച്ചടങ്ങിൽ പാർട്ടിയിലെ വിഭാഗീയത വീണ്ടും മറനീക്കി പുറത്തുവന്നു. പരിപാടി ഉദ്ഘാടനം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വേദിയിൽ നേതാക്കൾ വാനോളം പുകഴ്ത്തിയപ്പോൾ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേര് പരാമർശിക്കാൻ പോലും ഭൂരിഭാഗം നേതാക്കളും തയ്യാറായില്ല. മന്ത്രി എ.പി. അനിൽകുമാർ, എംഎൽഎമാരായ ആര്യാടൻ ഷൗക്കത്ത്, വി.എസ്. ജോയ് എന്നിവരാണ് കെ.സി. വേണുഗോപാലിന്റെ ദേശീയതല നേതൃപാടവത്തെയും തെരഞ്ഞെടുപ്പ് വിജയത്തിലെ പങ്കിനെയും പ്രകീർത്തിച്ച് രംഗത്തെത്തിയത്.

​തനിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വഴിയൊരുക്കിയത് കെ.സി. വേണുഗോപാലാണെന്ന് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കിയപ്പോൾ, മോദിക്കും അമിത് ഷായ്ക്കുമെതിരെ പോരാടുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ‘മുനയേറിയ നേതാവ്’ എന്നാണ് വി.എസ്. ജോയ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. കേരള കോൺഗ്രസ് ദേശീയ തലത്തിന് നൽകിയ സംഭാവനയാണ് വേണുഗോപാലെന്ന് മന്ത്രി എ.പി. അനിൽകുമാറും പ്രശംസിച്ചു. അതേസമയം, കെ.സി. പക്ഷക്കാരായി അറിയപ്പെടുന്ന ഈ മൂന്ന് നേതാക്കളുടെയും പ്രസംഗങ്ങളിൽ വി.ഡി. സതീശന്റെ നേതൃത്വത്തെക്കുറിച്ചോ പ്രവർത്തനങ്ങളെക്കുറിച്ചോ ഒരക്ഷരം പോലും പരാമർശിക്കാതിരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായി.

​എന്നാൽ, ഇവർക്ക് വിപരീതമായി പൊന്നാനി എംഎൽഎ കെ.പി. നൗഷാദ് അലി വി.ഡി. സതീശന്റെ നേട്ടങ്ങളെ എടുത്തുപറയുകയും കെ.സി. വേണുഗോപാലിനെ പൂർണമായി ഒഴിവാക്കുകയും ചെയ്തു. സതീശൻ പക്ഷക്കാരനായ നൗഷാദ് അലിയുടെ നിലപാടും, കെ.സി. അനുകൂലികളുടെ പ്രസംഗങ്ങളും ഒരേ വേദിയിലെ വിരുദ്ധ ചേരികളുടെ പരസ്യപ്രഖ്യാപനമായി മാറി. സംസ്ഥാന കോൺഗ്രസിൽ വി.ഡി. സതീശനും കെ.സി. വേണുഗോപാലും തമ്മിലുള്ള അധികാര വടംവലിയും ചേരിപ്പോരും കൂടുതൽ രൂക്ഷമാകുന്നുവെന്ന കൃത്യമായ സൂചനയാണ് മലപ്പുറത്തെ സ്വീകരണവേദി നൽകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക