
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. എഴുകുംവയൽ സ്വദേശികളായ ആന്റണി, ഭാര്യ വത്സമ്മ എന്നിവരെയാണ് മകൻ അജീഷ് വെള്ളിയാഴ്ച രാത്രി വീട്ടിൽവെച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയായ ഇയാൾ മാതാപിതാക്കളെ ദൈവസന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞതുകൊണ്ടാണ് കൃത്യം നടത്തിയതെന്നാണ് പോലീസിനോട് അവകാശപ്പെട്ടത്. കൊലപാതകത്തിന് ശേഷം രക്തത്തിൽ കുളിച്ച നിലയിൽ കൈയിൽ കൊന്തയുമായാണ് ഇയാളെ നാട്ടുകാർ കണ്ടത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് അജീഷ് മാതാവായ വത്സമ്മയെ ആദ്യം ആക്രമിച്ചത്. വത്സമ്മയുടെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയ ശേഷം, കവലയിൽനിന്ന് തിരികെയെത്തി വസ്ത്രം മാറിക്കൊണ്ടിരുന്ന പിതാവ് ആന്റണിയെയും ഇയാൾ ക്രൂരമായി കുത്തിവീഴ്ത്തുകയായിരുന്നു. ഇരുവരുടെയും മരണം ഉറപ്പാക്കാൻ കഴുത്തിലും നെഞ്ചിലും വയറ്റിലും ആഴത്തിൽ മുറിവേൽപ്പിച്ചു. കൊലപാതകം നടത്തിയ ഉടൻ മൃതദേഹങ്ങളുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബന്ധുവിനും വൈദികനും അയച്ചുകൊടുക്കുകയും ചെയ്തു.
ലഹരിക്ക് അടിമയായ അജീഷിനെ മുൻപ് ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് മാതാപിതാക്കളോട് കടുത്ത വൈരാഗ്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി വീട്ടിലെ സോഫയിൽനിന്ന് കണ്ടെടുത്തു. മൂന്നാഴ്ച മുമ്പുതന്നെ ഇയാൾ കത്തി വാങ്ങിയിരുന്നതായാണ് വിവരം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയ മൃതദേഹങ്ങൾ ഞായറാഴ്ച സംസ്കരിക്കും. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.