
ഹോർമുസ് കടലിടുക്കിനെ അധികം വൈകാതെ യുഎസ് ഭൂപ്രദേശമാക്കുമെന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. "വൈകാതെ തന്നെ ഇറാനെ ദയനീയമായി പരാജയപ്പെടുത്തിയ ശേഷം ഞാൻ ഹോർമുസിനെ യുഎസ് ഭൂപ്രദേശമായി പ്രഖ്യാപിക്കും."
ഹോർമുസ് ഇപ്പോൾ തന്നെ ഫലത്തിൽ യുഎസ് ഭൂമിയാണെന്നു ട്രംപ് അവകാശപ്പെട്ടു. "നമ്മൾ അവിടെ ഉപരോധം നടപ്പാക്കിയിട്ടുണ്ട്. നമ്മൾ അനുവദിക്കാതെ ഒരു കപ്പലും ആ വഴി പോവില്ല."
ലോകത്തിനു വേണ്ടിയാണ് യുഎസ് ഹോർമുസിൽ ഇതൊക്കെ ചെയ്യുന്നതെന്നാണ് ട്രംപിന്റെ ഭാഷ്യം. "നമുക്കു വേണ്ടി മാത്രമല്ല."
ന്യൂ യോർക്കിന്റെ പ്രാന്തപ്രദേശത്തു റിപ്പബ്ലിക്കൻ ഗവർണർ സ്ഥാനാർഥിക്കു വേണ്ടി സംസാരിക്കയായിരുന്നു ട്രംപ്. ഹോർമുസ് അടഞ്ഞു കിടക്കുന്നതിനാൽ എണ്ണ നീക്കം തടസപ്പെടുന്നത് യുഎസിൽ വിലക്കയറ്റത്തിനു കാരണമാവുന്നു എന്നു ഡെമോക്രാറ്റുകൾ പ്രചാരണത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഹോർമുസ് പിറ്റേന്നു തുറക്കുമെന്നു ഓഗസ്റ്റ് 3നു ട്രംപ് പറഞ്ഞെങ്കിലും ഇപ്പോഴും അതു നടപ്പായിട്ടില്ല. യുഎസ് ഉപരോധം നടപ്പാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇറാൻ കപ്പലുകളെ ആക്രമിക്കുന്നുണ്ട്.
ഹോർമുസ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ദിവാസ്വപ്നം മാത്രമാണെന്നു ഇറാൻ വിദേശകാര്യ ഉപമന്ത്രി കാസം ഗാരിബാബാദി പറഞ്ഞു. "ഈ കടലിടുക്ക് അടയ്ക്കുന്നതും തുറക്കുന്നതും ഇറാന്റെ തീരുമാനം അനുസരിച്ചാവും. ദിവാസ്വപ്നം എന്തായാലും ഇറാൻ ആയിരിക്കും ഉപരോധം നടപ്പാക്കുക."
Trump says will annex Hormuz