
മിഷിഗണ്‍ : വെള്ളിയാഴ്ച മിഷിഗണിലെ മിസോകി കൗണ്ടിയിലുണ്ടായ വെടിവെയ്പ്പില്‍ പ്രതിയടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാഡ് ഹിക്ക്മാന്‍ (39) എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു വീട്ടില്‍ നടന്ന വെടിവെയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിക്കായി പൊലീസ് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെ മറ്റൊരു വീട്ടില്‍ നാലാമത്തെയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അടുത്തുള്ള കാട്ടില്‍ നിന്ന് പ്രതിയുടെയും മറ്റൊരു ഇരയുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മിഷിഗണ്‍ സ്റ്റേറ്റ് പൊലീസ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.