Image

വെടിനിർത്തൽ നീട്ടാൻ അമേരിക്ക-ഇറാൻ ധാരണ

Published on 14 August, 2026
വെടിനിർത്തൽ നീട്ടാൻ അമേരിക്ക-ഇറാൻ ധാരണ

 
ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിൽ നിലവിലുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാർ നീട്ടാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ഓഗസ്റ്റ് 17-ന് നിലവിലെ കരാർ അവസാനിക്കാനിരിക്കെയാണ് ഈ പുതിയ നയതന്ത്ര നീക്കം. പാക്കിസ്ഥാൻ സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് തുർക്കിയിലെ അനധോലു വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

കരാർ നീട്ടുന്നതിനുള്ള സന്നദ്ധത ഇരുരാജ്യങ്ങളും മധ്യസ്ഥരെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും, എത്ര ദിവസത്തേക്ക് കൂടി വെടിനിർത്തൽ നീട്ടുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഏപ്രിലിൽ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ രൂപപ്പെട്ട ആദ്യ ഘട്ട ചർച്ചകൾക്ക് പിന്നാലെ, ജൂൺ 17-നാണ്അന്തിമ സമാധാന കരാറിനായുള്ള ധാരണാപത്രത്തിൽ ഇരുപക്ഷവും ഒപ്പുവെച്ചത്. 

എന്നാൽ സുരക്ഷാ ഉറപ്പുകളെക്കുറിച്ചും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുമുള്ള തർക്കങ്ങൾ കാരണം തുടർ ചർച്ചകൾ വഴിമുട്ടുകയായിരുന്നു.

ചർച്ചകൾക്കിടയിലും ജൂലൈ 8 മുതൽ 24 വരെയുള്ള കാലയളവിൽ ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത സൈനിക ഏറ്റുമുട്ടലുകൾ നടന്നിരുന്നു. ഇറാനിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ യു.എസ് വ്യോമാക്രമണം നടത്തിയപ്പോൾ, ജോർദാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ തിരിച്ചടിച്ചത്. ഈ സംഘർഷത്തിൽ അമേരിക്കയ്ക്ക് കുറഞ്ഞത് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടപ്പെട്ടതായി വാഷിംഗൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

അതിനിടെ, മേഖലയിലെ പിരിമുറുക്കം ഇപ്പോഴും അയഞ്ഞിട്ടില്ല. ഹോർ മുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ നാവിക ഉപരോധം ആവശ്യമായ അത്രയും കാലം തുടരാൻ തങ്ങൾക്ക് ശേഷിയുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. എന്നാൽ ഹോർ മുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണെന്നും ശത്രുക്കളുടെ ഏത് നീക്കവും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് നാവികസേനാ
കമാൻഡറും തിരിച്ചടിച്ചു.


 


 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക