
ഇന്ത്യൻ അമേരിക്കൻ സമൂഹം പല രംഗങ്ങളിലും കൈവരിച്ച നേട്ടങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്ലാഘിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവുമായി അവർ നിലനിർത്തുന്ന ബന്ധം രാജ്യത്തിനു ശക്തി പകരുന്നുവെന്നും അദ്ദേഹം നാഷനൽ അലയൻസ് ഓഫ് ഇന്ത്യൻ ഓർഗനൈസേഷൻസിനു (എൻ എ ഐ ഓ) അയച്ച സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യയുടെ 80ആം സ്വാതന്ത്ര്യ ദിനവും യുഎസിന്റെ 250ആം വാർഷികവും ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടും എൻ എ ഐ ഓ ആഘോഷിക്കുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധങ്ങൾ നമ്മൾ പങ്കുവയ്ക്കുന്ന ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്‌ഠിതമാണെന്ന് മോദി പറഞ്ഞു.
യുഎസിന്റെ ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, സാംസ്‌കാരിക ജീവിതത്തിലും പൊതു സ്ഥാപനങ്ങളിലും ഇന്ത്യൻ വംശജർ നൽകിയ സംഭാവനകൾ അമൂല്യമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമയം, അവർ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം നിലനിർത്തുന്നു.
പ്രവാസി സംഘടനകൾ ഇന്ത്യൻ പാരമ്പര്യം നിലനിർത്തി തലമുറകൾ തമ്മിലുള്ള ബന്ധം തുടർന്നു പോകാൻ സഹായിക്കുന്നു എന്നു മോദി പറഞ്ഞു.
PM Modi hails role played by Indian-American community