
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ സ്വാതന്ത്ര്യദിനത്തില്‍ 'വന്ദേമാതരം' ആലപിക്കണമെന്ന് നിര്‍ദ്ദേശമില്ല. ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ 'വന്ദേമാതരം' ആലപിക്കുന്നതിനെക്കുറിച്ച് പരാമര്‍ശങ്ങളൊന്നുമില്ല.
പ്രോട്ടോക്കോള്‍ ഓഫീസറുടെ സര്‍ക്കുലര്‍ പ്രകാരം ദേശീയ ഗാനം മാത്രം ആലപിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഓഗസ്റ്റ് 15-ന് രാവിലെ 9 മണിക്കോ അതിനുശേഷമോ സ്ഥാപന മേധാവികള്‍ പതാക ഉയര്‍ത്തണമെന്നും തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പതാക ഉയര്‍ത്തുമ്പോള്‍ 'ഫ്‌ലാഗ് കോഡ് ഓഫ് ഇന്ത്യ (2002)' കര്‍ശനമായി പാലിക്കണമെന്നും പ്ലാസ്റ്റിക് പതാകകളുടെ നിര്‍മ്മാണവും ഉപയോഗവും പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പരിപാടികളില്‍ 'ഗ്രീന്‍ പ്രോട്ടോക്കോള്‍' (പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍) പാലിക്കണമെന്നും ഉദ്യോഗസ്ഥരുടെ പ്രസംഗങ്ങളും ദേശഭക്തിഗാനാലാപനവും ഉള്‍പ്പെടെയുള്ള പരിപാടികളില്‍ ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും പരമാവധി പങ്കാളിത്തം ഉറപ്പാക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നു.