
ജനസംഖ്യാ കണക്കെടുപ്പ് ഘട്ടത്തിൽ 40 നിർദ്ദിഷ്ട വിവരങ്ങൾ ശേഖരിക്കാൻ സെൻസസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. പേര്, കുടുംബനാഥനുമായുള്ള ബന്ധം, ലിംഗഭേദം, ജനന തീയതി, വയസ്, വൈവാഹിക നില, പൗരത്വം, മതം, ജാതി, മാതൃഭാഷ, അറിയാവുന്ന മറ്റ് ഭാഷകൾ തുടങ്ങിയ അടിസ്ഥാന ജനസംഖ്യാ വിവരങ്ങൾ ചോദ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാക്ഷരത, ഡിജിറ്റൽ സാക്ഷരത, വിദ്യാഭ്യാസ യോഗ്യത, ജോലി, വ്യവസായ മേഖല, തൊഴിലാളി വിഭാഗം, കുടിയേറ്റ ചരിത്രം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും ഇതിലുണ്ട്. പട്ടികജാതി, പട്ടികവർഗ്ഗം, ജാതി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും മാതാപിതാക്കളുടെ വിവരങ്ങൾ, ഭിന്നശേഷി, ജനനസ്ഥലം, അവസാനമായി താമസിച്ച സ്ഥലം എന്നിവയാണ് മറ്റ് പ്രധാന ചോദ്യങ്ങൾ.
'1948-ലെ സെൻസസ് ആക്ടിലെ (1948-ലെ 37) സെക്ഷൻ 8, സബ്‌സെക്ഷൻ (1) നൽകുന്ന അധികാരം വിനിയോഗിച്ച്, 2027-ലെ ഇന്ത്യൻ സെൻസസുമായി ബന്ധപ്പെട്ട് 'ഹൗസ്‌ഹോൾഡ് ഷെഡ്യൂൾ' വഴി വിവരങ്ങൾ ശേഖരിക്കുന്നതിനായി, അതാത് പ്രാദേശിക അതിർത്തിക്കുള്ളിൽ നിയമിതരായ സെൻസസ് ഉദ്യോഗസ്ഥർക്ക് അവിടെ താമസിക്കുന്ന മുഴുവൻ വ്യക്തികളിൽ നിന്നും താഴെ പറയുന്ന വിവരങ്ങൾ ചോദിച്ചറിയാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകുന്നു.' വെള്ളിയാഴ്ച പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിൽ രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായൺ വ്യക്തമാക്കി.
സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങളും ഹൗസ്‌ഹോൾഡ് ഷെഡ്യൂൾ വഴി ശേഖരിക്കും. ആകെ കുട്ടികളുടെ എണ്ണം, ജീവിച്ചിരിക്കുന്ന കുട്ടികളുടെ എണ്ണം, കഴിഞ്ഞ ഒരു വർഷത്തിനിടെ ജനിച്ച, ജീവിച്ചിരിക്കുന്ന കുട്ടികളുടെ എണ്ണം എന്നിവയുൾപ്പെടെയുള്ള വിവരങ്ങളും ശേഖരിക്കും.
ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ നമ്പർ, ആധാർ നമ്പർ, വോട്ടർ ഐഡി നമ്പർ, പാസ്‌പോർട്ട് നമ്പർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക രേഖകളുടെയും സേവനങ്ങളുടെയും ലഭ്യതയും വിവരങ്ങളും ചോദ്യാവലിയിൽ ഉൾപ്പെടുന്നു. കോവിഡ്-19 വാക്സിനേഷൻ എടുത്ത സ്ഥലത്തെക്കുറിച്ചുള്ള ചോദ്യവും ഇതിലുണ്ട്.