
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബിൽ, 2026 ഭരണഘടനാപരമായ ഫെഡറൽ തത്വങ്ങളെ പൂർണ്ണമായും കാറ്റിൽപ്പറത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഖനന അവകാശങ്ങളിലും ധാതുവിഭവങ്ങളടങ്ങിയ ഭൂമിയിലും അധിക നികുതിയോ സെസ്സോ ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം സംസ്ഥാന ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ കേന്ദ്രം നടത്തുന്ന നിയന്ത്രണങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ അമൂല്യമായ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് അടിയറവ് വെക്കാനുള്ള നീക്കമാണ് പുതിയ നിയമഭേദഗതിക്ക് പിന്നിലുള്ളതെന്നും പിണറായി കുറ്റപ്പെടുത്തി. തന്ത്രപ്രധാനമായ അപൂർവ്വ ധാതുക്കളുടെ ഖനനം ഉൾപ്പെടെ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുന്നത് പൊതുമേഖലയെ തകർക്കാനും കോർപ്പറേറ്റുകൾക്ക് കൊള്ളലാഭമുണ്ടാക്കാനും വേണ്ടിയാണ്. കേന്ദ്രത്തിന്റെ ഇത്തരം സ്വകാര്യവൽക്കരണ നയങ്ങൾക്ക് കുടപിടിക്കുന്ന സമീപനമാണ് സംസ്ഥാനത്തെ യുഡിഎഫ് സർക്കാരും സ്വീകരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'റെയർ എർത്ത് ഇടനാഴി' എന്ന പേരിൽ കേരളത്തിന്റെ തീരദേശ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ചവറയിലെ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിന്റെ സ്വന്തം ഖനനം തടസ്സപ്പെടുത്തി, ഉയർന്ന വിലയ്ക്ക് സ്വകാര്യ കമ്പനികളിൽ നിന്ന് അസംസ്‌കൃത വസ്തുക്കൾ വാങ്ങാൻ നിർബന്ധിക്കുന്നത് ദുരൂഹമാണ്. ലാഭകരമായി പ്രവർത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെ തകർത്ത് സ്വകാര്യ ലോബികളെ സഹായിക്കാനുള്ള ഈ ആസൂത്രിത നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.