
തിരുവനന്തപുരം: സംസ്ഥാനത്ത് ‘എന്റെ പൊലീസ് സ്റ്റേഷന്‍’ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പദ്ധതി നാടിന് സമര്‍പ്പിച്ചത്. പൊലീസ് സ്റ്റേഷനുകള്‍ പൂര്‍ണ്ണമായും ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ‘തൂഫാന്‍’ പദ്ധതി ആഞ്ഞടിച്ചതുപോലെ മാതൃകാപരമായിരിക്കും മൈ പൊലീസ് സ്റ്റേഷനുകളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മൂന്നുമാസത്തിനിടെ ആഭ്യന്തര വകുപ്പ് നടത്തിയ വലിയ മയക്കുമരുന്ന് വേട്ട ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതിയുമായി എത്തുന്നവര്‍ക്ക് അവിടെനിന്നും നീതി ലഭിക്കുമെന്ന ഉറപ്പ് ഉണ്ടാകണം. കുറ്റകൃത്യങ്ങളുടെ സ്വഭാവം മാറിവരികയാണെന്നും ക്രൂരമായ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ലഹരിയുടെ സ്വാധീനമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കേരള പൊലീസിന്റെ ഏറ്റവും ജനപ്രിയ പദ്ധതിയാണ് മൈ പൊലീസ് സ്റ്റേഷനുകളെന്ന് ആഭ്യന്തര മന്ത്രി ചടങ്ങില്‍ പറഞ്ഞു. സമൂഹത്തിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി പൊലീസിലും കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണ്. ഒരുകാലത്ത് ഭരണകൂടത്തിന്റെ മര്‍ദ്ദന ഉപകരണമായിരുന്ന പൊലീസ് ഇന്ന് പൂര്‍ണ്ണമായും ജനസൗഹൃദമായി മാറുകയാണ്. സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകള്‍ ഒരേ കളറിലേക്ക് മാറ്റിയപ്പോള്‍, അത് പെയിന്റ് മാറ്റം മാത്രമല്ല സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.