
തുമ്പമണ്‍: ഭാര്യയുടെ വിയോഗത്തിന്റെ വേദന മാറും മുമ്പേ ഭര്‍ത്താവും യാത്രയായത് കുടുംബത്തിനും നാട്ടുകാര്‍ക്കും കണ്ണീരായി. തുമ്പമണ്‍ കൊച്ചുപാറയില്‍ പരേതരായ ശ്രീ വര്‍ഗീസ് തോമസിന്റെയും ശ്രീമതി അന്നമ്മ തോമസിന്റെയും മകനായ ശ്രീ ടി. ടി. തോമസ് (ജോയ് കൊച്ചുപാറയില്‍, 86) ഓഗസ്റ്റ് 14 വെള്ളിയാഴ്ച പുലര്‍ച്ചെ 1.10-ന് ഭവനത്തില്‍വെച്ച് അന്തരിച്ചു. കുറച്ചുനാളുകളായി അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മൂന്ന് ആഴ്ച മുമ്പ്, ജൂലൈ 23-ന്, അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി അന്നമ്മ തോമസ് (ലീലാമ്മ) നിത്യവിശ്രമത്തിലേക്ക് പ്രവേശിച്ചത്. ഭാര്യയുടെ വേര്‍പാടിന്റെ ദുഃഖം താങ്ങാനാകാതെ കഴിയുന്നതിനിടെയാണ് അദ്ദേഹത്തിന്റെയും നിര്യാണം സംഭവിച്ചത്.
ടി. ടി. തോമസ് ദീര്‍ഘകാലം ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ സേവനമനുഷ്ഠിച്ചശേഷം എയര്‍ ഇന്ത്യ (മുംബൈ), തുടര്‍ന്ന് ലിബ്യ, ഒമാനിലെ ഗള്‍ഫ് എയര്‍ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തുമ്പമണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദൈവാലയത്തിന്റെ ട്രസ്റ്റിയായും പ്രവര്‍ത്തിച്ച് സഭാ-സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.
പരേതനായ ടി. ടി. തോമസിന്റെ ഭാര്യ കൊട്ടാരക്കര കിഴക്കെത്തെരുവ് കുറെക്കാര്‍ പിണറുവിള പൂംതോട്ടത്തില്‍ പുത്തന്‍വീട്ടില്‍ പരേതയായ ശ്രീമതി അന്നമ്മ തോമസ് (ലീലാമ്മ) ആണ്.
മക്കള്‍: ഡോ. അനില്‍ ജോയ് തോമസ് (മിനിസ്ട്രി ഓഫ് ഹെല്‍ത്ത്, കുവൈറ്റ്), ആന്‍സി തോമസ് (എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ദുബായ്).
മരുമക്കള്‍: ഡോ. സൂസന്‍ മലയില്‍ ജോസഫ് (മിനിസ്ട്രി ഓഫ് ഹെല്‍ത്ത്, കുവൈറ്റ്), ഷിബു (ഷാര്‍ജ).
കൊച്ചുമക്കള്‍: ഹാനോക്ക് (ഓസ്‌ട്രേലിയ), ജോയല്‍, ജോവിറ്റ (ഇരുവരും ഷാര്‍ജ).
സംസ്‌കാര ശുശ്രൂഷയുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.