
ന്യൂഡൽഹി: വി.ഡി. സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിചാരണ കോടതിയിലുണ്ടായിരുന്ന ക്രിമിനൽ അപകീർത്തിക്കേസും തുടർനടപടികളും സുപ്രീം കോടതി റദ്ദാക്കി. കേസ് ഫയൽ ചെയ്യുന്നതിന് ആവശ്യമായ നിയമപരമായ മുൻകൂർ അനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. കേസിൽ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസും സുപ്രീം കോടതി പൂർണമായി റദ്ദാക്കിയിട്ടുണ്ട്.
നടപടികൾക്കാവശ്യമായ സർക്കാരിന്റെ മുൻകൂർ അനുമതി ലഭിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാരും പരാതിക്കാരന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് ഹർജിയിൽ അന്തിമ തീരുമാനമെടുത്തത്. യു.പി. സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇക്കാര്യം വ്യക്തമാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറലും സ്ഥിരീകരിച്ചു. ചട്ടപരമായ ഈ വീഴ്ച ചൂണ്ടിക്കാട്ടിയാണ് മജിസ്‌ട്രേറ്റ് കോടതിയിലെ എല്ലാ നടപടികളും പരാതിയും നിലനിൽക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി രാഹുൽ ഗാന്ധിക്ക് അനുകൂലമായ ഇടക്കാല-അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.
2022 നവംബർ 17-ന് ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ അകോലയിൽ നടന്ന പൊതുറാലിയിൽ സവർക്കറെ മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് അഡ്വ. നൃപേന്ദ്ര പാണ്ഡെയാണ് പരാതി നൽകിയിരുന്നത്. സമൻസിനെതിരെ നേരത്തെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ സമീപിച്ചെങ്കിലും സെഷൻസ് കോടതിയിൽ റിവിഷൻ ഹർജി നൽകാനായിരുന്നു കോടതിയുടെ നിർദേശം. തുടർന്നാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചതും കേസ് റദ്ദാക്കിക്കൊണ്ടുള്ള നിർണായക ആശ്വാസം നേടിയതും.