Image

സീറ്റ് ബെൽറ്റ് ധരിക്കാതെ കാർ യാത്ര: ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഖേദം പ്രകടിപ്പിച്ച് സി.ആർ. മഹേഷ് എം.എൽ.എ.

Published on 14 August, 2026
സീറ്റ് ബെൽറ്റ് ധരിക്കാതെ കാർ യാത്ര: ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഖേദം പ്രകടിപ്പിച്ച് സി.ആർ. മഹേഷ് എം.എൽ.എ.

​കൊച്ചി: സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷ്. കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ജെയ്‌സൺ ജെയിംസിനൊപ്പം സി.ആർ. മഹേഷ് നടത്തിയ നിയമലംഘന യാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഉയർന്ന കടുത്ത വിമർശനങ്ങളെത്തുടർന്നാണ് എം.എൽ.എ. ഫെയ്‌സ്ബുക്കിലൂടെ പരസ്യമായി ക്ഷമാപണം നടത്തിയത്.

​വാഹനമോടിക്കുന്നതിനിടെ ജെയ്‌സൺ ജെയിംസ് മൊബൈൽ ഫോണിൽ പകർത്തിയ 12 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. സിനിമ പാട്ടിന്റെ പശ്ചാത്തല സംഗീതം ചേർത്തുകൊണ്ട് ഇരുവരും സീറ്റ് ബെൽറ്റ് ഇടാതെ മുൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും റീൽസായി പങ്കുവെക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ജെയ്‌സൺ അക്കൗണ്ടിൽനിന്ന് വീഡിയോ നീക്കം ചെയ്തെങ്കിലും അപ്പോഴേക്കും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞിരുന്നു.

​ജനപ്രതിനിധികളും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരും പരസ്യമായി ഗതാഗത നിയമങ്ങൾ ലംഘിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയർന്നത്. തുടർന്ന്, സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തത് തന്റെ ഭാഗത്തുനിന്നുണ്ടായ വലിയ പിഴവാണെന്ന് സി.ആർ. മഹേഷ് വ്യക്തമാക്കി. ട്രാഫിക് നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും പ്രത്യേകിച്ച് ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഇത്തരം വീഴ്ചകൾ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും വ്യക്തമാക്കിയ എം.എൽ.എ., സംഭവിച്ച തെറ്റിൽ ആത്മാർഥമായി ഖേദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക