
ന്യൂഡൽഹി: ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (FCRA) ഭേദഗതി ബിൽ ജെപിസിക്ക് വിട്ട് ലോക്സഭ. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് പ്രമേയം അവതരിപ്പിച്ചത്. തുടർന്ന് ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റി (ജെപിസി)യ്ക്ക് വിടുകയായിരുന്നു. ബില്ലിനെ എതിർത്ത് കെസി വേണുഗോപാൽ എംപി രംഗത്തെത്തി. എഫ്സിആർഎ ഭേദഗതി ബിൽ പാടില്ലെന്ന നിലപാടാണ് തങ്ങൾക്കെന്നും കാര്യാപദേശക സമിതിയിൽ അത് വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ, 2026, ലോക്‌സഭാ സ്പീക്കർ നാമനിർദ്ദേശം ചെയ്യുന്ന ഈ സഭയിലെ 21 അംഗങ്ങളും രാജ്യസഭാ ചെയർമാൻ നാമനിർദ്ദേശം ചെയ്യുന്ന 10 രാജ്യസഭാംഗങ്ങളും അടങ്ങുന്ന ഒരു സംയുക്ത സമിതിക്ക് റഫർ ചെയ്യണമെന്നായിരുന്നു ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞത്. പ്രമേയം പാസായതോടെ ബിൽ ഇനി ജെപിസിയുടെ പരിഗണനയ്ക്കെത്തും.
ജെപിസി ബിൽ വിശദമായി പരിശോധിച്ച ശേഷം റിപ്പോർട്ട് ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ആഴ്ചയുടെ അവസാന ദിവസത്തോടെ പാർലമെൻ്റിൽ സമർപ്പിക്കും. അതേസമയം ബില്ലിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് ഉയർത്തിയത്. ഇത് ക്രിസ്ത്യൻ സംഘടനകളെ ലക്ഷ്യമിട്ടു കൊണ്ടുള്ള നീക്കമാണെന്നും. ആർഎസ്എസ് അടക്കം വിദേശസംഭാവനകൾ സ്വീകരിക്കുന്നുണ്ട്. അവരെ ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതിയാണ് കൊണ്ടുവരുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
മറുപടിയുമായി രംഗത്തെത്തിയ കേന്ദ്ര മന്ത്രി കിരൺ റിജിജു, ഇത്രയും ദിവസം ബിൽ ജെപിസിക്ക് വിടനാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്ന് പറഞ്ഞു. ഇതോടെ സഭയിൽ പ്രതിപക്ഷ ബഹളം ആരംഭിച്ചു. ഒരു വ്യവസ്ഥപോലും ന്യൂനപക്ഷ വിരുദ്ധമല്ലെന്നും അവരുടെ ക്ഷേമം മാത്രമാണ് ലക്ഷ്യമെന്നും കിരൺ റിജിജു പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്കർ പ്രമേയം പാസാക്കി.
അതേസമയം ബിൽ ജെപിസിക്ക് വിട്ടതിൽ ഭാഗിക സന്തോഷമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ഡയറക്ടർ ഫാ. മാത്യു കോയിക്കൽ പറഞ്ഞു. എഫ്സിആർഎ ബിൽ പൂർണമായി പിൻവലിക്കണമെന്നാണ് ആവശ്യം, ബിൽ ജെപിസിക്ക് വിട്ടതിൽ ചാരിതാർഥ്യം ഉണ്ട്, ഭാഗിക സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിൽ പൂർണമായി പിൻവലിക്കണം എന്നതാണ് ഇപ്പോഴത്തെയും ആവശ്യമെന്ന് ഫാ. മാത്യു കോയിക്കൽ നിലപാട് വ്യക്തമാക്കി. ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്നും എന്നാൽ ജെപിസിയുമായി സിബിസിഐ പൂർണ്ണമായി സാഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ പണം മതപരിവർത്തനത്തിന് ഉപയോഗിക്കുന്നതായുള്ള ആരോപണം ബാലിശമാണ്. സുപ്രീംകോടതിയിൽ പോലും തെളിയിക്കാൻ പറ്റാത്ത ആരോപണമാണിത്. വിഷയം ശക്തമായി ഉന്നയിച്ച പ്രതിപക്ഷ എം പി മാർക്ക് നന്ദിയുണ്ടെന്നും ജെപിസിക്ക് വിട്ടതിൽ കേന്ദ്രസർക്കാരിനും നന്ദിയെന്നും ഫാ.മാത്യു കോയിക്കൽ പറഞ്ഞു.