Image

കെ.എം. ബഷീർ കേസ്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനം

Published on 13 August, 2026
കെ.എം. ബഷീർ കേസ്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനം

 

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാരിന്റെ നിർണ്ണായക തീരുമാനം. അഡ്വ. സന്തോഷിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി. നിലവിൽ കേസിന്റെ വിചാരണ തിരുവനന്തപുരം കോടതിയിൽ പുരോഗമിക്കുകയാണ്.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപത്തുവെച്ചാണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെടുന്നത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ള കാറാണ് ബഷീറിനെ ഇടിച്ചുതെറിപ്പിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണ് കാർ ഓടിച്ചിരുന്നത്.

അപകടസമയത്ത് വാഹനമോടിച്ചത് വഫയാണെന്ന് വരുത്തിതീർക്കാൻ ശ്രീറാം വെങ്കിട്ടരാമനും പോലീസും ആദ്യഘട്ടത്തിൽ ശ്രമിച്ചെങ്കിലും ദൃക്സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ശക്തമായ ഇടപെടലിനെ തുടർന്ന് ഈ നീക്കം പൊളിയുകയായിരുന്നു. കേസിൽ മനഃപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക