Image

ബെംഗളൂരുവിലേക്ക് പോയി കാണാതായ ഇംതിയാസിനെ പോലീസ് നാഗ്പൂരില്‍ കണ്ടെത്തി

Published on 13 August, 2026
ബെംഗളൂരുവിലേക്ക് പോയി കാണാതായ  ഇംതിയാസിനെ പോലീസ്  നാഗ്പൂരില്‍  കണ്ടെത്തി

മലപ്പുറം: താനൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ വിദ്യാര്‍ഥി ഇംതിയാസിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നാണ് താനൂര്‍ പോലീസ് കണ്ടെത്തിയത്. മഹാരാഷ്ട്ര പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് താനൂര്‍ പോലീസ് നേരിട്ട് നാഗ്പൂരിലെത്തുകയായിരുന്നു. ഇംതിയാസിന് ഒപ്പം പോലീസുകാര്‍ ഇരിക്കുന്ന ഫോട്ടോകളും പുറത്തുവന്നു. ഇതോടെ അഞ്ച് ദിവസമായി തുടരുന്ന ആശങ്കയ്ക്ക് അവസാനമായി.

ഈ മാസം ആറിന് വൈകീട്ടാണ് ഇംതിയാസ് ബെംഗളൂരുവിലേക്ക് പോയത്. ഏഴിന് രാവിലെ ബെംഗളൂരുവിലെത്തുകയും വീട്ടിലേക്ക് ഫോണ്‍ വിളിക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുംബം താനൂര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ബെംഗളൂരുവില്‍ പഠിക്കുന്ന ഇംതിയാസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് അവിടേക്ക് പോയത്.

മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇംതിയാസ് കര്‍ണാടകയില്‍ ഉണ്ടെന്ന് ആദ്യം മനസിലായിരുന്നു. എന്നാല്‍ പിന്നീട് മൊബൈല്‍ ഫോണ്‍ ഓഫ് ആയതോടെ ആശങ്കയായി. ബെംഗളൂരുവിലെ മലയാളി കൂട്ടായ്മകളുടെ സഹായവും പോലീസ് തേടിയിരുന്നു. അതിനിടെയാണ് നാഗ്പൂരില്‍ നിന്ന് ഇംതിയാസിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വിഗ്ഗിയില്‍ ഭക്ഷണം ബുക്ക് ചെയ്തതായി കണ്ടെത്തിയത്.

തുടര്‍ന്ന് മഹാരാഷ്ട്ര പോലീസിന്റെ സഹായം തേടി. കൂടാതെ താനൂര്‍ പോലീസ് നാഗ്പൂരിലേക്ക് പുറപ്പെടുകയും ചെയ്തു. അവിടെയുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഇംതിയാസുണ്ട് എന്ന സൂചന പോലീസിന് കിട്ടി. പ്രാദേശിക സഹായവും പോലീസ് തേടി. തുടര്‍ന്ന് നടത്തിയ പരിശോധനിയലാണ് ഇംതിയാസിനെ കണ്ടെത്തിയത്. ഇംതിയാസിനൊപ്പം പോലീസുകാര്‍ ഇരിക്കുന്ന ചിത്രം കുടുംബത്തിന് ലഭിച്ചു. ഇതോടെ വലിയ ആശ്വാസത്തിലാണ് കുടുംബം.
 

ഇംതിയാസുമായി പോലീസ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സ്റ്റേഷനില്‍ എത്തിച്ച് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയും. ബെംഗളൂവിലേക്ക് പോയതിന്റെ ഉദ്ദേശം, ഫോണ്‍ ഓഫ് ചെയ്യാനുണ്ടായ സാഹചര്യം, എങ്ങനെ നാഗ്പൂരിലെത്തി, ആരെങ്കിലും കൂടെ ഉണ്ടായിരുന്നോ തുടങ്ങി  വിവരങ്ങള്‍ ചോദിച്ചറിയുമെന്ന് പോലീസ് അറിയിച്ചു. താനൂരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ കോടതിയില്‍ ഹാജരാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും കുടുംബത്തോടൊപ്പം അയക്കുക.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക