
കൊച്ചി: എസ് എഫ് ഐ നേതാവ് അഭിമന്യു കൊലക്കേസില്‍ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കോടതിയില്‍ ഹാജരായി. 16 പ്രതികളും കോടതിയില്‍ എത്തി. പുതുതായി ചുമത്തിയ കുറ്റമാണ് പ്രതികള്‍ക്ക് വായിച്ചു കേള്‍പ്പിച്ചത്. പ്രതികള്‍ കുറ്റം നിഷേധിച്ചു.
രണ്ട് തവണ കോടതി ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടും പ്രതികള്‍ ലംഘിച്ചിരുന്നു. കടുത്ത നടപടി എടുക്കുമെന്ന വിചാരണ കോടതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പ്രതികള്‍ എത്തിയത്. കേസ് തിങ്കളാഴ്ച പരിഗണിക്കും. വിചാരണ പതിനേഴാം തീയതി ഷെഡ്യൂള്‍ ചെയ്യാനും തീരുമാനിച്ചു. 2018 ജൂലൈ 2 നാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അഭിമന്യു കുത്തേറ്റ് മരിച്ചത്.
കേസിലെ സുപ്രധാന രേഖകള്‍ കോടതി കസ്റ്റഡിയില്‍ നിന്ന് കാണാതായത് വലിയ വിവാദമായിരുന്നു. പിന്നീട് രേഖകള്‍ വീണ്ടും തയ്യാറാക്കിയാണ് വിചാരണ നടപടികളിലേക്ക് കടന്നത്. വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും 9 മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.