Image

അനധികൃത സ്വത്ത് സമ്പാദന കേസ്; അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി

Published on 13 August, 2026
അനധികൃത സ്വത്ത് സമ്പാദന കേസ്; അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വത്ത് സമ്പാദന കേസിൽ സിബിഐയും ഇഡിയും പരിശോധിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്‌റ്റ് 17 ന് കേസ് പരിഗണിക്കാൻ സാധ്യതയുണ്ട്.

സിബിഐയുടെ മറുപടിയിൽ അതൃപ്‌തി പ്രകടിപ്പിച്ച അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് രാഹുൽ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളിൽ അന്വേഷണ പുരോഗതി വിശദീകരിക്കുന്ന പുതിയ സത്യവാങ്മൂലം നേരിട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് കോടതി നിർദേശിച്ചിരുന്നു.

അന്വേഷണത്തിനിടെ ഇഡി ഏതെങ്കിലും നിയമവിരുദ്ധതയെ സൂചിപ്പിക്കുന്ന വസ്‌തുക്കളും രേഖകളും കണ്ടെത്തിയാൽ, നിയമപ്രകാരം മുന്നോട്ട് പോകാൻ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. രാഹുലിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളിൽ സിബിഐയും ഇഡിയും അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ഹൈക്കോടതി.

കർണാടക സ്വദേശിയായ എസ് വിഘ്‌നേഷ് ശിശിർ സമർപ്പിച്ച ക്രിമിനൽ റിട്ട് ഹർജിയിൽ ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്ന ഇൻ-ചേംബർ വാദം കേൾക്കലിന് ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാഹുലിന് ഇരട്ട പൗരത്വം ഉണ്ടെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകനായ വിഘ്‌നേഷ് നേരത്തെ ഹർജികൾ സമർപ്പിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക