Image

ഏദനിലെ താമസക്കാർ (നോവല്‍-27: ലൈല അലക്‌സ്)

Published on 12 August, 2026
ഏദനിലെ താമസക്കാർ (നോവല്‍-27: ലൈല അലക്‌സ്)

'രാജീവാ, എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കണം. ചാടിക്കയറി വഴക്കിനു പോകരുത്...'
വീട്ടിലേക്കുള്ള വഴി മദ്ധ്യേ കാറിൽ ഇരിക്കുമ്പോൾ വനജ രാജീവനോട് പറഞ്ഞു.
'നീ കാര്യം പറ...' 
'വത്സ മമ്മയോട് പണം ചോദിക്കാറുണ്ട്'
‘ങും, എനിക്ക് തോന്നിയിരുന്നു’
'അങ്ങനെയല്ല രാജീവാ... അവൾ ചോദിക്കുന്നത് ഒരുപാടു പണമാണ്...'
'യു മീൻ...? 
വനജ തലയാട്ടി, രാജീവൻ ഉദ്ദേശിച്ചത്‌ തന്നെ എന്ന മട്ടിൽ.  
' മമ്മ ഇസ് വെരി അപ്സെറ്റ്'
' അതിന്? അഞ്ചു പൈസ കൊടുക്കില്ല. അവളുടെ ഷെയർ മുഴുവൻ കൊടുത്തു കഴിഞ്ഞതാണ്. ’ രാജീവൻ തീർത്തു പറഞ്ഞു... ‘പാവം പപ്പാ... അവളെക്കുറിച്ചുള്ള സങ്കടം കൊണ്ടാണ് അത്ര നേരത്തെ മരിച്ചത്. പപ്പയെയും, മമ്മയെയും വേണ്ടാഞ്ഞവൾക്കു ഇപ്പോൾ അവരുടെ പണം വേണം പോലും'
'അങ്ങനെയല്ല രാജീവ്. അന്വേഷിക്കണം… അവൾക്കു ഇത്ര ഏറെ പണം എന്തിനാണെന്ന്...’
'എന്തോ അറിയാൻ? ആ അവനു ധൂർത്തടിക്കാൻ. അല്ലാതെ എന്തിനാ?' രാജീവൻ രോഷത്തോടെ പറഞ്ഞു.
വനജ ഒന്നും മിണ്ടിയില്ല.
‘നീ എങ്ങനെയാ ഇതൊക്കെ അറിഞ്ഞത്? മമ്മ പറഞ്ഞോ?’ രാജീവൻ ചോദിച്ചു.
‘ങും. അതിനു ഒരു കാരണം ഉണ്ടായി. ക്ളബ്ബിലെ ഡാൻസ് പ്രോഗ്രാമിന് കുറച്ചു ആഭരണങ്ങൾ ലോക്കറിൽ നിന്നും എടുക്കണമായിരുന്നു. എൻറെയും, മമ്മയുടെയും കൂടി പേരിലാണല്ലോ ലോക്കർ. ഞാൻ കീ ചോദിച്ചപ്പോൾ    'എന്തിനാണ്, ഏതു മാലയാ വേണ്ടത്’ എന്നൊക്കെ ചോദിച്ചു.'
'ഞാൻ ആവശ്യം പറയുകയും ചെയ്തു. ലോക്കർ തുറന്ന് മാല എടുക്കുമ്പോൾ ഞാൻ ആ ചോദ്യം ഓർത്തു. മമ്മ അങ്ങനെയൊന്നും ഒരിക്കലും ചോദിക്കുന്നതല്ല. ഞാൻ വെറുതെ മമ്മയുടെ ആഭരണങ്ങൾ ഇരുന്ന ബോക്സ് തുറന്നു നോക്കി. അത് മിക്കവാറും കാലിയായിരുന്നു.'
‘ഞാൻ അപ്പോൾ തന്നെ മമ്മയ്ക്കു ഫോൺ ചെയ്തു. അന്നേരം മമ്മ പറഞ്ഞു അതൊക്കെ കൊടുത്തിട്ടു പുതിയ ഫാഷനിലുള്ളത് പണിയിക്കുകയോ, വാങ്ങുകയോ ചെയ്യാമെന്ന് കരുതി കയ്യിൽ വെച്ചിരിക്കയാണെന്ന്. അത് കള്ളമാണെന്ന് എനിക്ക് തോന്നി. ഞാൻ നേരെ ചോദിച്ചു, ആർക്കാണ് കൊടുത്തത്, വത്സയ്ക്കു അല്ലേ എന്ന്. അതെ എന്ന് മമ്മ പറഞ്ഞു. വത്സ ഏതോ ആവശ്യത്തിന് പണം ചോദിച്ചപ്പോൾ കൊടുത്തതാണെന്ന്…’
അൽപ നേരം മിണ്ടാതെയിരുന്നിട്ടു വനജ തുടർന്നു:
‘വത്സ മമ്മയോട് കൂടെക്കൂടെ പണം ചോദിയ്ക്കാൻ തുടങ്ങിയപ്പോൾ എനിക്ക് പന്തികേട് തോന്നി. ആഭരണങ്ങൾ പണയം വെച്ചിട്ടോ, വിറ്റിട്ടോ  പണം കൊടുക്കേണ്ടതുപോലെയുള്ള ആവശ്യം എന്താണെന്നു ഞാൻ ചിന്തിച്ചു. സോമൻറെ വീട്ടിൽ അത്യാവശ്യത്തിനു പണമുണ്ട്, സോമന് കമ്പനിയിൽ ജോലി കൊടുത്തിട്ടുണ്ട്, പോരാത്തതിന് അവളുടെ ഷെയറും കൊടുത്തിട്ടുണ്ട്. പിന്നെ ഇത്രയേറെ പണത്തിനു ആവശ്യം എന്താണെന്നു ഞാൻ അന്വേഷിച്ചു.'
'എന്നിട്ട്...?' രാജീവൻ ചോദിച്ചു. 
'അറിയില്ല. കൂടുതൽ ഒന്നും അറിയില്ല. മമ്മയുടെ ഫ്ലാറ്റും, മമ്മയുടെ പേരിലുള്ള ഷെയറുകളും, ഇനി മമ്മയുടെ കയ്യിൽ അതേയുള്ളൂ.' 
വനജ കൂടുതൽ പറയാതെ നിർത്തി. പക്ഷെ, അവൾ പറയാതെ പറഞ്ഞത് മനസിലാക്കാൻ രാജീവന് ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല. ഓഫീസിൽ വെച്ചുകേട്ട സംഭാഷണത്തിൻറെ അർഥതലങ്ങൾ അപ്പോഴാണ് അയാൾക്ക്‌ മനസിലായത്.
സോമൻ പറഞ്ഞ ഷെയറുകൾ മമ്മയുടേതായിരിക്കുമോ? മമ്മ താനറിയാതെ അത് കൈമാറ്റം ചെയ്യുമോ? അങ്ങനെ വല്ലതും ഉണ്ടായാൽ...
'രാജീവ്, ഞാൻ അന്ന് ഷോപ്പിംഗിനു പോയതല്ല. ഇത് അന്വേഷിക്കാൻ....' വനജ മടിച്ചു മടിച്ചു പറഞ്ഞു.
'ങും...… കുരുവിളയുടെ ഓഫീസിൽ...?’ 
‘എപ്പോഴെങ്കിലും ഇതൊക്കെ എന്നോട് ഒന്ന് പറഞ്ഞുകൂടായിരുന്നോ?'
'രാജീവ്, ഞാൻ...'
'നോ. നിന്നെ കുറ്റപ്പെടുത്തിയതല്ല.'


Read More: https://www.emalayalee.com/writer/69

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക