
ന്യൂഡൽഹി: യുക്രെയ്‌ൻ സർക്കാർ ഉടമസ്ഥതയിലുള്ള 'ഓഷാദ്ബാങ്ക്' (Oschadbank) ഫയൽ ചെയ്ത നിക്ഷേപ ഉടമ്പടി തർക്ക കേസിൽ, റഷ്യയുടെ ആർബിട്രേറ്ററായി ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ നിയമിച്ചു. 'ഗ്ലോബൽ ആർബിട്രേഷൻ റിവ്യൂ' റിപ്പോർട്ടിനെ ഉദ്ധരിച്ച് 'ബാർ ആൻഡ് ബെഞ്ച്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യുക്രെയ്‌ൻ സർക്കാറിൻ്റെ ഉടമസ്ഥതയിലുള്ള ഓഷ്‌ചാഡ്‌ബാങ്ക് സമർപ്പിച്ച നിക്ഷേപ ഉടമ്പടി തർക്കത്തിൽ മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ മധ്യസ്ഥത വഹിക്കാൻ റഷ്യൻ സർക്കാർ നിയമിച്ചതായി റിപ്പോർട്ട്. 1998ൽ യുക്രെയ്‌നും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ ഉടമ്പടി പ്രകാരമാണ് മധ്യസ്ഥത ആരംഭിച്ചത്. യുക്രെയ്‌നിലെ ഓഷ്‌ചാഡ്‌ബാങ്കിൻ്റെ ആസ്‌തികളേയും ബിസിനസിനെയും റഷ്യൻ സൈനിക നടപടികൾ ബാധിച്ചുവെന്നാരോപിച്ചാണ് ആർബിട്രേഷൻ നടപടികൾ ആരംഭിച്ചത്.
ഗ്ലോബൽ ആർബിട്രേഷൻ റിവ്യൂവിൻ്റെ റിപ്പോർട്ട് ഉദ്ധരിച്ച് കോസ്റ്റാറിക്കൻ മധ്യസ്ഥയും മുൻ വ്യാപാര മന്ത്രിയുമായ ഡയാല ജിമെനെസ് മൂന്നംഗ ട്രൈബ്യൂണലിൻ്റെ തലവനായിരിക്കുമെന്ന് പ്രമുഖ ഓണ്‍ലൈൻ മാധ്യമമായ ബാർ ആൻഡ് ബെഞ്ച് പറഞ്ഞു. റഷ്യയും ഓഷ്‌ചാഡ്‌ബാങ്കും സംയുക്തമായി ജിമെനെസിനെ ട്രൈബ്യൂണലിൻ്റെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. ഓഷ്‌ചാഡ്‌ബാങ്ക് നിയമിച്ച ഗ്രീക്ക് മധ്യസ്ഥനും നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ പ്രൊഫസറുമായ സ്റ്റാവ്‌റോസ് ബ്രെകൗലാകിസ് ട്രൈബ്യൂണലിലെ മൂന്നാമത്തെ അംഗമായിരിക്കും.