Image

വിശദീകരണം തൃപ്തികരമല്ല; ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരായ അന്വേഷണ റിപ്പോർട്ട് പാർലമെന്റിൽ

Published on 12 August, 2026
വിശദീകരണം തൃപ്തികരമല്ല; ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരായ അന്വേഷണ റിപ്പോർട്ട് പാർലമെന്റിൽ

ഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപിടുത്തമുണ്ടായതിനു പിന്നാലെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണത്തിൽ, അന്വേഷണ സമിതി റിപ്പോർട്ട് ബുധനാഴ്ച പാർലമെന്റിന്റെ ഇരുസഭകളിലും സമർപ്പിച്ചു. പണത്തിന്റെ സാന്നിധ്യത്തെക്കുറിച്ചോ ഉറവിടത്തെക്കുറിച്ചോ ഉടമസ്ഥാവകാശത്തെക്കുറിച്ചോ തൃപ്തികരമായ വിശദീകരണം നൽകാൻ യശ്വന്ത് വർമ്മയ്ക്ക് സാധിച്ചില്ലെന്ന് സമിതി വ്യക്തമാക്കി.

മൂന്നംഗ സമിതിയുടെ കണ്ടെത്തലുകൾ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് സമർപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് പാർലമെന്റിനു മുന്നിലെത്തിയിരിക്കുന്നത്. രാജ്യസഭയിലും ലോക്‌സഭയിലും അതത് സെക്രട്ടറി ജനറൽമാരാണ് റിപ്പോർട്ടുകൾ സമർപ്പിച്ചത്. അന്വേഷണ റിപ്പോർട്ടിൽ രണ്ട് ഭാഗങ്ങളാണ് ഉള്ളത്. അന്വേഷണത്തിനിടയിൽ ശേഖരിച്ച മൊഴികളും രേഖാമൂലമുള്ള തെളിവുകളും റിപ്പോർട്ടിലുണ്ട്. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹിയിലെ ജസ്റ്റിസ് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ വസതിയിലെ സ്റ്റോര്‍ റൂമില്‍ നിന്ന് വലിയ തോതില്‍ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സംഭവം വിവാദമായതോടെ ഇദ്ദേഹത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

സംഭവത്തെക്കുറിച്ച് സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ ഇന്‍-ഹൗസ് അന്വേഷണം നടന്നിരുന്നു. തുടര്‍ന്ന് 146 എംപിമാര്‍ ഒപ്പിട്ട പ്രമേയത്തെത്തുടര്‍ന്ന് ലോക്സഭാ സ്പീക്കര്‍ ഇദ്ദേഹത്തിനെതിരെ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. സുപ്രീം കോടതി ജഡ്ജി അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുളള സംഘം തയ്യാറാക്കിയ റിപ്പോർട്ടാണ് ഇരുസഭകളിലും സമർപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക