
നീണ്ട 27 വർഷത്തെ കാത്തിരിപ്പിന് ശേഷം യൂറോപ്യൻ ഭൂഖണ്ഡത്തിൽ ഇന്ന് പൂർണ സൂര്യഗ്രഹണം ദൃശ്യമാകും. 1999 ഓഗസ്റ്റ് 11-നാണ് ഇതിനുമുമ്പ് മധ്യ-പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിൽ അപൂർവമായ ഈ ആകാശവിസ്മയം അവസാനമായി കണ്ടത്. യൂറോപ്പിന് പുറമെ ഐസ്‌ലൻഡ്, ഗ്രീൻലാൻഡ്, വടക്കൻ സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ പ്രദേശങ്ങളിലാണ് പൂർണ സൂര്യഗ്രഹണം ദൃശ്യമാകുക.
സ്പെയിനിലെ ബലേറിക് ദ്വീപുകളിലും ഗ്രഹണം ദൃശ്യമാകും. ഐസ്‌ലൻഡിലാണ് ഏറ്റവും കൂടുതൽ സമയം ഏകദേശം 2 മിനിറ്റും 18 സെക്കൻഡും പൂർണ ഗ്രഹണം അനുഭവപ്പെടുക. ഈ സമയത്ത് സൂര്യൻ പൂർണ്ണമായും ചന്ദ്രന്റെ നിഴലിലാവുകയും പകൽ സമയം രാത്രിക്ക് സമാനമായി ഇരുളുകയും ചെയ്യും. സൂര്യന്റെ ബാഹ്യ അന്തരീക്ഷമായ 'കൊറോണ' ഈ സമയത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകും.
അമേരിക്ക ഉൾപ്പെടെയുള്ള ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ പൂർണ്ണ ഗ്രഹണം ദൃശ്യമല്ലെങ്കിലും പ്രതിഭാസം തത്സമയം കാണാൻ നാസ സൗകര്യമൊരുക്കിയിട്ടുണ്ട്. ശാസ്ത്രജ്ഞരുടെ വിവരണത്തോടൊപ്പം നാസയുടെ ഔദ്യോഗിക ചാനലുകൾ വഴി സംപ്രേക്ഷണം ഉണ്ടാകും. യൂറോപ്യൻ സ്പേസ് ഏജൻസിയും സ്പെയിനിൽ നിന്ന് തത്സമയ സംപ്രേക്ഷണം നടത്തുന്നുണ്ട്.