
ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനമൊഴിയാൻ എൻ. ചന്ദ്രശേഖരൻ. നിലവിലെ കാലാവധി അവസാനിക്കുന്ന 2027 ഫെബ്രുവരി വരെ അദ്ദേഹം പദവിയിൽ തുടരും. ടാറ്റാ സൺസിൽ ഇനിയൊരു കാലാവധി കൂടി താൻ ആവശ്യപ്പെടില്ലെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കി. ടാറ്റാ ഗ്രൂപ്പിന്റെ പ്രധാന ഓഹരി ഉടമകളാണ് ടാറ്റാ സൺസ്.
ടാറ്റാ സൺസിൽ 66% ഓഹരിയുള്ള ടാറ്റാ ട്രസ്റ്റുകളിലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ചന്ദ്രശേഖരന്റെ ഈ പടിയിറക്കം. ടാറ്റാ ട്രസ്റ്റ് ചെയര്‍മാന്‍ നോയൽ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റാ ട്രസ്റ്റ് ട്രസ്റ്റികൾ, ചന്ദ്രശേഖരനെ വീണ്ടും ഡയറക്ടറായി നാമനിർദ്ദേശം ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ്. ചന്ദ്രശേഖരന്റെ കാലാവധി പുതുക്കേണ്ടതില്ലെന്നും ട്രസ്റ്റികൾ അനൗപചാരികമായി തീരുമാനിച്ചിരുന്നു. ഓഗസ്റ്റ് 13-ന് നടക്കുന്ന ടാറ്റാ ട്രസ്റ്റ് യോഗത്തിൽ ഈ തീരുമാനം ഔദ്യോഗികമായി കൈക്കൊള്ളുമെന്ന് മുതിർന്ന ടാറ്റാ ഗ്രൂപ്പ് ഡയറക്ടർ പറഞ്ഞു.
ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, ടി.സി.എസ്, ഇന്ത്യൻ ഹോട്ടൽസ് തുടങ്ങിയ പ്രമുഖ ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ചെയർമാൻ കൂടിയാണ് ചന്ദ്രശേഖരൻ. ഈ കമ്പനികൾക്കെല്ലാം 2027 ഫെബ്രുവരിയോടെ പുതിയ ചെയർമാനെ ലഭിക്കും. അടുത്ത ആറ് മാസത്തിനുള്ളിൽ ചന്ദ്രശേഖരന്റെ പിൻഗാമിയെ കണ്ടെത്താനാണ് ടാറ്റാ ഗ്രൂപ്പിന്റെ ശ്രമം. അകത്തുനിന്നും പുറത്തുനിന്നുമുള്ള ആളുകളെ ഗ്രൂപ്പ് പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് ടാറ്റാ ഗ്രൂപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഫെബ്രുവരി 24-ന് നടന്ന ടാറ്റാ സൺസ് ബോർഡ് യോഗത്തിൽ 180 ബില്യൺ ഡോളർ മൂല്യമുള്ള ഗ്രൂപ്പിലെ ലിസ്റ്റ് ചെയ്യാത്ത പല കമ്പനികൾക്കും ഉണ്ടായ നഷ്ടത്തെക്കുറിച്ച് നോയൽ ടാറ്റ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ചന്ദ്രശേഖരന് അഞ്ച് വർഷത്തെ കാലാവധി കൂടി നൽകുന്ന കാര്യം ടാറ്റാ ട്രസ്റ്റ് ട്രസ്റ്റികൾ നേരത്തെ അംഗീകരിച്ചിരുന്നു. എന്നാൽ, ബോർഡ് യോഗത്തിൽ നോയൽ ടാറ്റ നിരവധി സംശയങ്ങൾ ഉന്നയിക്കുകയും അദ്ദേഹത്തിന് മറ്റൊരു കാലാവധി കൂടി അനുവദിക്കുന്നതിന് പല നിബന്ധനകളും മുന്നോട്ടുവെക്കുകയും ചെയ്തു.
2017 ഫെബ്രുവരിയിലാണ് ചെയർമാൻ എന്ന നിലയിൽ ചന്ദ്രശേഖരന്റെ കാലാവധി ആരംഭിച്ചത്. 2022 ഫെബ്രുവരിയിൽ അദ്ദേഹത്തിന് ഒരു തവണ കാലാവധി നീട്ടി നൽകിയിരുന്നു