
മലയാള ഭാഷക്ക് ഏറിയ സംഭാവന നൽകി ലോകത്തോട് വിട പറഞ്ഞ ഒരു മനുഷ്യ സ്‌നേഹിയും,തന്റെ അഭിപ്രായങ്ങളിലും സിദ്ധാന്തങ്ങളിലും വ്യതിചലിക്കാതെ ദൃഢ മനസ്സോടു പൊരുതിയ ഒരു വക്തിത്വത്തിന്റെ ഉടമയുമായിരുന്നു നമ്മളിൽ നിന്നും വേർപെട്ട എംപി പരമേശ്വരൻ.
മലയാളം കമ്പ്യൂട്ടിങ്ങിന് എക്കാലവും ഓർമിക്കുന്ന സംഭാവന ചെയ്തയാളാണ് എംപി പരമേശ്വരൻ. അദ്ദേഹം തീർത്ത ഇൻസ്ക്രിപ്റ്റ് കീബോർഡ് ലേഔട്ടാണ് ഇന്നും നമ്മൾ ഉപയോഗിക്കുന്നത്.
ഭാഷാ സാങ്കേതികതയിൽ നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും. ഇന്നത്തെ ഇൻസ്ക്രിപ്റ്റ് മലയാളം കീബോർഡിന്റെ ഘടന ടൈപ്പ്‌റൈറ്റർ കീബോർഡിൽ നിന്ന് ചില മാറ്റങ്ങളോടെ കടംകൊണ്ടതാണ്. ഈ ലേഔട്ട് സൃഷ്ടിച്ചതിൽ എംപി പരമേശ്വരന്റെ പങ്ക് വലുതാണ്.
മലയാളം ടൈപ്പ്റൈറ്ററിന്റെ കീ ബോർഡ് സംവിധാനം പരിഷ്ക്കരിക്കാൻ ആദ്യം ശ്രമം നടക്കുന്നത് 1971ലാണ്.

അന്ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിമുഖ്യത്തിൽ എം. ആർ. വിജയനാഥൻപിള്ള പഠനം നടത്തി. അഞ്ഞൂറിൽപ്പരം ലിപികൾ ഉപയോഗിച്ച് അച്ചടിച്ചുവന്നിരുന്ന മലയാളഭാഷയെ അക്കങ്ങളും ചിഹ്നങ്ങളും ഉൾപ്പടെ പരമാവധി 92 അച്ചുകളിൽ ഒതുക്കാൻ വിജയനാഥൻപിള്ളയ്ക്ക് കഴിഞ്ഞു.
92 അച്ചുകളിൽ 25 എണ്ണം അക്കങ്ങൾക്കും ചിഹ്നങ്ങൾക്കും മാറ്റിവെച്ചു. ബാക്കി 67 സ്ഥാനങ്ങളിൽ ലിപികൾ ഒതുക്കി. പിന്നീട് ഈ മേഖലയിൽ ഇടപെടൽ നടത്തിയത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ആയിരുന്ന എം. പി. പരമേശ്വരനായിരുന്നു. അദ്ദേഹം കീബോർഡ് ആദ്യം രൂപകൽപ്പന ചെയ്യുകയും പിന്നീട് അച്ചടിസമിതി ചില ഭേദഗതികൾ വരുത്തി കീബോർഡ് സംവിധാനം പരിഷ്കരിക്കാൻ സ്വീകരിക്കുകയും ചെയ്തു.
ശാസ്ത്രജ്ഞൻ, ശാസ്ത്രപ്രചാരകൻ, എഴുത്തുകാരൻ, സൈദ്ധാന്തികൻ, സാക്ഷരതാ പ്രവർത്തകൻ തുടങ്ങി നിലകളിൽ പ്രശസ്തനാണ് എംപി പരമേശ്വരൻ

.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടില്‍ ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചു. പാർട്ടിയുടെ പല പരിപാടികളും നടപ്പിലാക്കാനുള്ള ചുമതല അദ്ദേഹം ഏറ്റെടുത്തു. സാക്ഷരതാ പ്രസ്ഥാനത്തിൽ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്.
ശാസ്ത്രസാഹിത്യ പരിഷത്തിനെ കേരളത്തിലെ ഇടതുപക്ഷ വികസന ചിന്തകളുടെയും പ്രയോഗങ്ങളുടെയും വിചാരകേന്ദ്രമായി മാറ്റാനും പി പരമേശ്വരന് സാധിച്ചു.
പരമേശ്വരന്റെ നാലാം ലോക സിദ്ധാന്തം സിപിഎമ്മിലെ സൈദ്ധാന്തിക ആലോചനകളെ പിടിച്ചു കുലുക്കിയിരുന്നു.

വലിയ വിവാദമാണ് നാലാംലോക സിദ്ധാന്തം ഉണ്ടാക്കിയത്. മാർക്സിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന സിദ്ധാന്തങ്ങളെ തള്ളിപ്പറയുന്ന സമീപനമായിരുന്നു പി പരമേശ്വരന്റേത്. ഇത് വിമർശന വിധേയമായി. തന്റെ സിദ്ധാന്തം തിരുത്താനോ തള്ളാനോ പരമേശ്വരൻ തയ്യാറായില്ല. ഇതു മൂലം
33 വർഷം നീണ്ടു നിന്ന പാർട്ടി ബന്ധം അവസാനിച്ചു.
2004ൽ പരമേശ്വരൻ സിപിഎമ്മില്‍ നിന്ന്പുറത്തായി.

തന്റെ അഭിപ്രായങ്ങളിൽ ഉറച്ചു നിന്ന ഒരു ഉറച്ച വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു നമ്മളിൽ നിന്നും വിട്ടകന്നു പോയ ആ മഹാ പ്രതിഭ.
വിമർശങ്ങളിൽ തളരാതെ ആദർശങ്ങളിൽ ഉറച്ചു നിന്ന ആ മഹാ പ്രതിഭയുടെ മരണത്തിൽ നമുക്ക് ആദരാഞ്ജലികൾ അർപ്പിക്കാം.