Image

സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, കടയിലേക്ക് ഓടിക്കയറി കുട്ടികള്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published on 12 August, 2026
 സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, കടയിലേക്ക് ഓടിക്കയറി കുട്ടികള്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കടുങ്ങല്ലൂര്‍/ഫോര്‍ട്ട്‌കൊച്ചി: എറണാകുളം ജില്ലയില്‍ കടുങ്ങല്ലൂരിലും ഫോര്‍ട്ട്‌കൊച്ചി അമരാവതിയിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കിഴക്കേ കടുങ്ങല്ലൂരില്‍ നാലാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. അമരാവതിയില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ അഞ്ചാം ക്ലാസുകാരനെ നിര്‍ബന്ധമായി പിടിച്ച് വണ്ടിയില്‍ കയറ്റാനാണ് ശ്രമിച്ചത്. രണ്ടിടത്തും കുട്ടികള്‍ സമീപത്തെ കടകളിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.

കിഴക്കേ കടുങ്ങല്ലൂരില്‍ ചൊവ്വാഴ്ച വൈകീട്ട് പമ്പുകവലയിലായിരുന്നു സംഭവം. കടുങ്ങല്ലൂരിലെ സ്വകാര്യ സ്‌കൂള്‍ വിട്ടുവന്ന കുട്ടിയെ വീട്ടില്‍ കൊണ്ടുപോയിവിടാം എന്നുപറഞ്ഞ് യുവാവ് കൈയില്‍ പിടിക്കുകയായിരുന്നു.

കുട്ടി കുതറിയോടി സമീപത്തെ കടയിലേക്കു കയറി. പിന്നാലെ യുവാവും കടയിലെത്തി. തന്റെ സഹോദരിയുടെ മകളാണെന്നും കുട്ടിയെ കൂടെ വിടണമെന്നും ഇയാള്‍ കടക്കാരോടു പറഞ്ഞു. എന്നാല്‍, അയാള്‍ തന്റെ ആരുമല്ലെന്ന് കുട്ടി പറഞ്ഞതോടെ യുവാവ് കടന്നുകളയാന്‍ ശ്രമിച്ചു. ഇതോടെ അവിടെയുണ്ടായിരുന്നവര്‍ അയാളെ പിടിച്ചുവെച്ചു.

സംഭവമറിഞ്ഞെത്തിയ പഞ്ചായത്തംഗം ശ്രീകുമാര്‍ മുല്ലേപ്പിള്ളി പോലീസില്‍ വിവരമറിയിച്ചു. ബിനാനിപുരം പോലീസെത്തി യു.സി. കോളേജ് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പരാതിയില്ലെന്നറിയിച്ചതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് ബിനാനിപുരം പോലീസ് പറഞ്ഞു.

അമരാവതിയില്‍ വൈകീട്ട് അഞ്ചുമണിയോടെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോയ അഞ്ചാം ക്ലാസുകാരനെയാണ് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. ബൈക്കിലെത്തിയ രണ്ടുപേര്‍ കുട്ടിയെ കയറി പിടിക്കുകയും വണ്ടിയിലേക്ക് കയറടാ എന്ന് പറഞ്ഞ് വലിക്കുകയുമായിരുന്നുവത്രെ. കുതറി ഓടിയ കുട്ടി സമീപത്തെ കടയിലേക്ക് കയറി.

കടക്കാരി കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. പിതാവ് ഫോര്‍ട്ട്‌കൊച്ചി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക