
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പി.എം.ശ്രീ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് യു.ഡി.എഫ്. ഉപസമിതിയില്‍ ഭിന്നത. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച ഈ കരാറുമായി മുന്നോട്ടുപോകണോ എന്ന കാര്യത്തില്‍ ഉപസമിതിയിലെ നാലംഗങ്ങളില്‍ മൂന്നുപേര്‍ അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ ഒരു കോണ്‍ഗ്രസ് മന്ത്രി വിയോജിപ്പറിയിച്ചു.
പിന്മാറുന്നത് സംസ്ഥാനത്തിന് അര്‍ഹമായ ഫണ്ട് നഷ്ടപ്പെടുത്തുമെന്നാണ് അനുകൂലിക്കുന്ന മന്ത്രിമാരുടെ വാദമെങ്കില്‍, സിലബസിലെ കേന്ദ്ര ഇടപെടലുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് എതിര്‍ക്കുന്ന മന്ത്രിയുടെ വാദം.
വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, എം. ലിജു എന്നിവരടങ്ങുന്ന ഉപസമിതിയാണ് വിഷയം പഠിക്കുന്നത്. സിലബസിലെ കേന്ദ്ര ഇടപെടല്‍ മറികടക്കാന്‍ സംസ്ഥാനത്തിന് നിയമപരമായി എന്തെങ്കിലും സാധ്യതകളുണ്ടോ എന്നും സമിതി പരിശോധിക്കുന്നുണ്ട്. മുസ്ലിംലീഗ് നേതൃത്വത്തിലും പദ്ധതിയെച്ചൊല്ലി വലിയ മുറുമുറുപ്പുണ്ട്. പദ്ധതിയില്‍നിന്ന് ലീഗ് പിന്മാറാന്‍ ആലോചിക്കുന്നതായും സൂചനയുണ്ട്.
പദ്ധതിയുമായി മുന്നോട്ടുപോയാല്‍ അത് പാര്‍ട്ടിയെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കുമെന്നതാണ് ലീഗിനെ പുനരാലോചനയ്ക്ക് പ്രേരിപ്പിക്കുന്നത്. നേരത്തേ പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന യു.ഡി.എഫിന്റെ പൊതുതീരുമാനത്തിനൊപ്പം നില്‍ക്കാനായിരുന്നു ലീഗ് തീരുമാനിച്ചിരുന്നത്. വിവിധ മുസ്ലിം സംഘടനകളില്‍നിന്നുള്ള കടുത്ത
എതിര്‍പ്പുകൂടി പരിഗണിച്ചാണ് ലീഗിന്റെ ഇപ്പോഴത്തെനീക്കം.
പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന നിലപാടിലാണ് സാദിഖലി ശിഹാബ് തങ്ങളെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ പദ്ധതിയില്‍നിന്ന് പിന്മാറാമെന്ന കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയുടെ പാര്‍ലമെന്റിലെ മറുപടിയും ലീഗിന്റെ പുനര്‍വിചിന്തനത്തിന് കാരണമായിട്ടുണ്ട്.
പദ്ധതി നടപ്പാക്കിയ കര്‍ണാടകപോലുള്ള സംസ്ഥാനങ്ങള്‍ക്കുപോലും വലിയതോതിലുള്ള കേന്ദ്ര ഫണ്ട് ലഭിച്ചിട്ടില്ലെന്ന് കെ.സി. വേണുഗോപാല്‍ സംസ്ഥാനത്തെ നേതാക്കളെ അറിയിച്ചത്.