Image

'സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ NSS ല്‍ ജനാധിപത്യമില്ലാതായി'; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

Published on 12 August, 2026
 'സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ NSS ല്‍ ജനാധിപത്യമില്ലാതായി'; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

കോട്ടയം: എന്‍എസ്എസ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗണേഷ് കുമാറിനെതിരെ വിമര്‍ശനുമായി സുകുമാരന്‍ നായര്‍ രംഗത്ത്. സ്വന്തം അച്ഛനെ പോലും ആക്ഷേപിച്ച ആളാണ് ഗണേഷ് കുമാര്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗണേഷ് കുമാറിന്റെ സ്ഥാനവും മാനവും നിങ്ങള്‍ പരിശോധിക്കണം. സമദൂര നിലപാട് ആരും ചോദ്യം ചെയ്തിട്ടില്ല. ഗണേഷ് കുമാറും ചോദ്യം ചെയ്തിട്ടില്ല. സംഘടനയില്‍ ജനാധിപത്യം ഇല്ലെങ്കില്‍ കേസ് കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍എസ്എസിനെ ഇല്ലാതാക്കാന്‍ കുറെ ആളുകള്‍ കേസുമായി നടക്കുന്നുണ്ട്. അവരുടെ വാല്‍ ആയിട്ടാണ് ഗണേഷ് കുമാര്‍ ഇപ്പോള്‍ സംസാരിക്കുന്നത്. എന്‍എസ്എസിനെതിരെ നില്‍ക്കുന്നവരെല്ലാം ഒന്നിച്ചു. ഒരാള്‍ വിചാരിച്ചാലും തനിക്കെതിരെ ഗൂഢാലോചന നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

64 വര്‍ഷമായി താന്‍ എന്‍എസ്എസിനുള്ളില്‍ കയറിയിട്ട്. ഒരു തെറ്റും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയാനാകും. എല്ലാ സ്ഥാനങ്ങളും നഷ്ടപ്പെട്ടപ്പോഴാണ് ഗണേഷ് കുമാര്‍ ജനാധിപത്യം ഇല്ലെന്ന് പറയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. താന്‍ അയാള്‍ക്ക് ദ്രോഹം ഒന്നും ചെയ്തിട്ടില്ല. അയാള്‍ തനിക്കൊരു ഗുണവും ചെയ്തിട്ടില്ല. ഗണേഷ് കുമാറിന്റെ ചെയ്തികളെ പറ്റി വിമര്‍ശിക്കാന്‍ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ച ആദ്ദേഹം ജനങ്ങള്‍ അതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. അയാളുടെ മറ്റു കാര്യങ്ങളെപ്പറ്റി പ്രതികരിക്കുന്നില്ല. സമദൂരം നല്ല നിലപാട് തന്നെയാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ ആരും വന്നിട്ടില്ല. അനധികൃതമായി കയറിപ്പിടിച്ചിരിക്കുന്ന ഇത്തിള്‍ക്കണ്ണികളുണ്ടെന്നും എന്നാല്‍ താന്‍ അനധികൃതമായി വന്നതല്ല തെരഞ്ഞെടുപ്പിലൂടെ ജയിച്ചു വന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓരോരോ സമയത്ത് ഓരോ കാര്യങ്ങള്‍ പറയുന്ന ആളാണ് ഗണേഷ് കുമാര്‍. ഞാന്‍ പറഞ്ഞതൊന്നും ഇതുവരെ മാറ്റി പറഞ്ഞിട്ടില്ലെന്നും ഒന്നും വിഴുങ്ങേണ്ടിയും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസിനെ പിടിച്ചടക്കാന്‍ മന്നത്തിന്റെ കാലം മുതല്‍ ശ്രമം തുടങ്ങിയതാണ്. തനിക്ക് അതൊക്കെ കണ്ട് നല്ല പരിചയമുണ്ട്. പിടിച്ചടക്കാന്‍ ഇറങ്ങിയവരെല്ലാം തീര്‍ന്നു പോയിട്ടുണ്ട്. എന്‍എസ്എസിലേക്ക് ജാഥ നടത്തുന്നവര്‍ നടത്തട്ടെ. നടത്തിയ ജാഥകളില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്ന് നോക്കുക. എന്‍എസ്എസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നേരിടാനുള്ള ശക്തി സമുദായത്തിന് ഉണ്ട്. സുകുമാരന്‍ നായര്‍ പറഞ്ഞു. താലൂക്ക് യൂണിയന്‍ പിരിച്ചുവിടേണ്ടി വന്നാല്‍ രാത്രി ആയാലും ചെയ്യുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ചട്ടമ്പിസ്വാമിയുടെ ഫോട്ടോ ഇപ്പോഴും എന്‍എസ്എസ് ആസ്ഥാനത്ത് ഉണ്ട്. ചട്ടമ്പിസ്വാമി നായര്‍ സമുദായത്തിന്റെ ആത്മീയ ഗുരു ആണെന്ന് വ്യക്തമാക്കിയ അദ്ദേഹം താന്‍ പിതൃ സ്ഥാനത്ത് അല്ല എന്ന് ഗണേഷിന് ഇപ്പോള്‍ തോന്നി കാണും എന്നും പരിഹസിച്ചു.

ഉപരാഷ്ട്രപതി സി പി രാഥാകൃഷ്ണനെ മന്നം സ്തൂപത്തില്‍ രുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ലെന്ന ആരോപണത്തില്‍ പ്രതിരിച്ച അദ്ദേഹം ആര്‍ക്കും പുഷ്പാര്‍ച്ചന നടത്താന്‍ അവസരം നിഷേധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. പട്ടിയെ കയറ്റി പരിശോധിക്കണമെന്ന് പറഞ്ഞതാണ് എതിര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. പന്മ കഫെ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. പത്മ കഫെ നല്ല ഭക്ഷണം ജനങ്ങള്‍ക്ക് കൊടുക്കാന്‍ വേണ്ടിയുള്ളതാണ്. കേരളം മുഴുവന്‍ പത്മ കഫെ ഉണ്ടാകണമെന്നാണ് ആഗ്രഹം. അനധികൃതമായി ഒരു മനുഷ്യര്‍ക്കും നിയമനം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഗണേഷ് കുമാര്‍ ഉന്നയിച്ചിരുന്നത്. എന്‍എസ്എസ് ഇന്ന് ചിലയാളുകള്‍ കയ്യടക്കിയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. മന്നത് ആചാര്യന്‍ ഉണ്ടാക്കിയെടുത്ത മഹാ പ്രസ്ഥാനത്തില്‍ ഇന്ന് ഏകാധിപത്യമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 64 വര്‍ഷമായി പിതാവ് ആര്‍ ബാലകൃഷ്ണപ്പിള്ള എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആയിരുന്നുവെന്നും ജീവിച്ചിരുന്ന കാലം മുഴുവന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ അപമാനിച്ചെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക