
കോട്ടയം: കഞ്ചാവിന്റെ സത്ത് ചേര്‍ത്തുനിര്‍മിച്ച ലഹരി മിഠായികള്‍ പതിവായി കഴിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ എക്‌സൈസ് പിടിയില്‍. 14, 15, 16 വയസ്സ് പ്രായമുള്ള ഒന്‍പത് വിദ്യാര്‍ത്ഥികളാണ് വിവിധ കേസുകളിലായി പിടിയിലായത്. മൂന്ന് മാസം നീണ്ട രഹസ്യ അന്വേഷണത്തിനൊടുവിലാണ് ഈ സംഘത്തെ പിടികൂടാന്‍ കഴിഞ്ഞത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് വ്യാപകമായി കഞ്ചാവ് മിഠായികളും പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഇവരെയെല്ലാം ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.
മൂന്ന് മാസം മുന്‍പ് ഉത്തര്‍പ്രദേശ് സ്വദേശിയായ ഋഷികേശ് സിംഗ് എന്നയാളില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ 194 ഗ്രാം കഞ്ചാവ് മിഠായി എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഈ മിഠായികള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇവയില്‍ കഞ്ചാവിന്റെ സാന്നിദ്ധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
തുടര്‍ന്ന് പ്രതിയായ ഋഷികേശിനെ കണ്ടെത്താന്‍ എക്‌സൈസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. എന്നാല്‍, പ്രതിയുടെ ഫോണ്‍ കോളുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികളാണ് ഇയാളെ കൂടുതലായി ബന്ധപ്പെട്ടിരുന്നതെന്ന് വ്യക്തമായത്.
40 മിഠായികള്‍ അടങ്ങിയ ഒരു പായ്ക്കറ്റിന് 200 രൂപയാണ് ഈടാക്കിയിരുന്നത്. ഓരോ മിഠായിക്കും അഞ്ച് ഗ്രാം വീതമാണ് ഭാരം വരുന്നത്. കൈപ്പും മധുരവും കലര്‍ന്ന പ്രത്യേക രുചിയാണ് ഈ ലഹരി മിഠായികള്‍ക്കുള്ളത്.
കോട്ടയം ജില്ലയില്‍ നിന്നുമാത്രം വിദ്യാര്‍ഥികളില്‍ നിന്ന് ആകെ 974 ഗ്രാം കഞ്ചാവ് മിഠായികളാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. പിടിയിലായ 15 വയസ്സുകാരനായ വിദ്യാര്‍ത്ഥിയോട് മിഠായിയെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇത് കഴിച്ചാല്‍ നിര്‍ത്താതെ ചിരിക്കാന്‍ കഴിയുമെന്നായിരുന്നു വിചിത്രമായ മറുപടി. എന്നാല്‍, ഇത് കുട്ടികളില്‍ കടുത്ത വിഷാദരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ദിവസങ്ങള്‍ക്ക് മുന്പ് കോട്ടയത്തെ ഒരു കോളജില്‍ നിന്ന് പോകാനിരുന്ന വിനോദയാത്ര അവസാന നിമിഷം റദ്ദാക്കേണ്ടി വന്നത് ഈ മിഠായികള്‍ മൂലമാണ്. യാത്രാവേളയില്‍ ഒരു വിദ്യാര്‍ഥി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ കഞ്ചാവ് മിഠായി കഴിച്ച വിവരം പുറത്തറിയുന്നത്.
ഉടന്‍തന്നെ അധികൃതര്‍ വിവരം എക്‌സൈസ് വകുപ്പിനെ അറിയിക്കുകയും വിദ്യാര്‍ഥികളുടെ പക്കല്‍ നിന്ന് മിഠായികള്‍ പിടിച്ചെടുക്കുകയും ചെയ്തു. അതിഥിത്തൊഴിലാളിയില്‍ നിന്നാണ് തങ്ങള്‍ക്ക് ഈ മിഠായികള്‍ ലഭിച്ചതെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. ഈ സംഭവത്തെ തുടര്‍ന്ന് കോളജിലെ വിനോദയാത്ര പൂര്‍ണ്ണമായി റദ്ദാക്കി വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കുകയായിരുന്നു