Image

അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി

Published on 12 August, 2026
 അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി

കണ്ണൂര്‍: ആഭ്യന്തര മന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെത്തി. കഴിഞ്ഞദിവസം അര്‍ജുനെ പോലീസ് പിടികൂടിയ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ സ്റ്റെയര്‍കെയ്‌സിനടിയിലെ ഷൂ റാക്കില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. അര്‍ജുന്‍ ആയങ്കിയെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഫോണ്‍ കണ്ടെടുത്തത്.

തലശേരി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന അര്‍ജുനെ തലശേരി ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണൂര്‍ സൈബര്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.

ഇത് കോടതി അനുവദിക്കുകയായിരുന്നു. അറസ്റ്റിലായപ്പോള്‍ സിം കാര്‍ഡില്ലാത്ത മൊബൈല്‍ ഫോണ്‍ ആയിരുന്നു അര്‍ജുന്റെ കൈവശമുണ്ടായിരുന്നത്. ഇത് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനായിരുന്നുവെന്നാണ് പോലീസിന്റെ വാദം.

കണ്ണൂര്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ എസിപി എം.പി. ആസാദ്, സൈബര്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.

ഇതിനിടെ ആയങ്കിയെ കാപ്പ കേസില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികളും പോലീസ് ഊര്‍ജിതമാക്കി. ഈ ആഴ്ച തന്നെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്കുമെന്നാണ് അറിയുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക