Image

‘ലുങ്കിവാല’ വിളി സാംസ്കാരിക അധിക്ഷേപം: സുഷ്മിത ദേവിനെതിരെ അവകാശലംഘന നോട്ടീസ് നൽകി ജോൺ ബ്രിട്ടാസ്

Published on 12 August, 2026
‘ലുങ്കിവാല’ വിളി സാംസ്കാരിക അധിക്ഷേപം: സുഷ്മിത ദേവിനെതിരെ അവകാശലംഘന നോട്ടീസ് നൽകി ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: രാജ്യസഭയിൽ ബിജെപി എം.പി. സുഷ്മിത ദേവ് തനിക്കെതിരെ നടത്തിയ 'ലുങ്കിവാല' പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം എം.പി. ജോൺ ബ്രിട്ടാസ്. കേവലം വ്യക്തിപരമായ അധിക്ഷേപമല്ല, മറിച്ച് ദക്ഷിണേന്ത്യക്കാർക്കെതിരെയുള്ള ബോധപൂർവ്വമായ സാംസ്കാരിക അധിക്ഷേപമാണിതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് അവകാശലംഘന നോട്ടീസ് നൽകി. മലയാളിയെന്ന നിലയിൽ അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്നും സഭയിൽ തുടർച്ചയായി തന്നെ ഇത്തരം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നും അധ്യക്ഷന് നൽകിയ പരാതിയിൽ ബ്രിട്ടാസ് വ്യക്തമാക്കി.

​ഇൻകം ടാക്സ് ഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട ചർച്ചയിൽ ജോൺ ബ്രിട്ടാസ് സംസാരിക്കവേയാണ് വിവാദ സംഭവങ്ങളുടെ തുടക്കം. തൊട്ടുപിന്നിലെ സീറ്റിലിരുന്ന സുഷ്മിതാ ദേവ് ബ്രിട്ടാസിനെ നിരന്തരം 'ലുങ്കിവാലാ' എന്ന് വിളിച്ച് ശല്യപ്പെടുത്തിയെന്നാണ് ആരോപണം. പരാമർശത്തെ തുടർന്ന് ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കവും ബഹളവുമുണ്ടായി. സ്ഥിതിഗതികൾ വഷളായതോടെ രാജ്യസഭ നിർത്തിവെക്കേണ്ടി വന്നു. സഭാനടപടികൾ തടസ്സപ്പെട്ടതോടെ ഇടപെട്ട അധ്യക്ഷൻ, രാജ്യത്തിന്റെ വൈവിധ്യമാർന്ന പ്രാദേശിക പാരമ്പര്യങ്ങളെയും സ്വത്വങ്ങളെയും മാനിച്ച് സംസാരിക്കണമെന്ന് അംഗങ്ങൾക്ക് നിർദ്ദേശം നൽകി.  

​അതേസമയം വിഷയം ചൂടുപിടിച്ചതോടെ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ ഭരണപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളുടെയും വസ്ത്രധാരണ രീതികളെയും സംസ്കാരത്തെയും ബഹുമാനിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇത്തരത്തിലുള്ള പരാമർശങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് സഭയെ അറിയിച്ചു. 'ലുങ്കി' എന്നതിലുപരി 'ധോത്തി' എന്നാണ് തങ്ങൾ ഇതിനെ കാണുന്നതെന്നും വിഷയത്തിൽ സുഷ്മിതാ ദേവിന് പറയാനുള്ള കാര്യങ്ങൾ കൂടി സഭാരേഖകളിൽ ഉൾപ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക