
ബംഗളൂരു: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ എം.പി. പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് മൊബൈൽ ഫോണും പെൻഡ്രൈവും ചാർജറും ക്രൈംബ്രാഞ്ച് കണ്ടെടുത്തു. ജയിലിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് തുണിക്കിടയിൽ ഒളിപ്പിച്ച നിലയിൽ ആൻഡ്രോയിഡ് ഫോൺ പിടിച്ചെടുത്തത്. സംഭവത്തിൽ പരപ്പന അഗ്രഹാര പോലീസ് പ്രജ്വൽ രേവണ്ണയെ ഒന്നാം പ്രതിയായും സഹതടവുകാരൻ പ്രതാപ് റോയിയെ രണ്ടാം പ്രതിയായും ചേർത്ത് പുതിയ കേസ് രജിസ്റ്റർ ചെയ്തു.
അതിസുരക്ഷാ മേഖലയായ ജയിലിനുള്ളിലേക്ക് വിലക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ എത്തിച്ചു നൽകിയതിൽ ജയിൽ അധികൃതരുടെ പങ്ക് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കുന്നുണ്ട്. പരിശോധനാ സമയത്ത് തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് രേവണ്ണ സ്വീകരിച്ചത്. സംഭവം നടന്നതിന് പിന്നാലെ ഔദ്യോഗിക വീഴ്ച ആരോപിച്ച് ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്യുകയും ചീഫ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തു. മുൻവാരം പരിശോധന നടത്തിയിരുന്നെങ്കിലും രേവണ്ണയുടെ മുറിയിൽ നിന്ന് ഒന്നും കണ്ടെത്തിയിരുന്നില്ല.
വീട്ടുജോലിക്കാരിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ജെ.ഡി.എസ് മുൻ എം.പി.യും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടിയുമായ പ്രജ്വൽ രേവണ്ണ നിലവിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. സ്വന്തം ഫാം ഹൗസിൽ വെച്ച് നടന്ന പീഡനക്കേസിലാണ് കോടതി നേരത്തെ ശിക്ഷ വിധിച്ചത്. ഇതിനുപിന്നാലെ ജയിലിൽ വെച്ച് വീണ്ടും പുതിയ കേസ് രജിസ്റ്റർ ചെയ്തത് പ്രജ്വലിനും ജയിൽ ഭരണകൂടത്തിനും വലിയ തിരിച്ചടിയായിട്ടുണ്ട്.